ആദ്യ സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ തെലുങ്ക്, തമിഴ് സിനിമ സംവിധായകന്‍ ശേഖര്‍ കമുലയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇത്തവണ ശേഖറിന്‍റെ നായകന്‍ ധനുഷാണ്.
രണ്ട് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം ശേഖര്‍ കമുല തന്നെയാണ് സോഷ്യല്‍മീഡിയ വഴി നിര്‍വഹിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ റിലീസിന് എത്തുക. ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടിട്ടില്ല. ധനുഷിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരിക്കും ഇത്.
ശേഖര്‍ ഇതാദ്യമായാണ് ഒരു മുന്‍നിര താരത്തെ തന്‍റെ ചിത്രത്തിലെ നായകനാക്കുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയുടെ ബാനറില്‍ നാരായണന്‍ദാസ് നാരംഗും പുഷ്‌കര്‍ റാവു മോഹന്‍ റാവുവും ചേര്‍ന്നാണ് ധനുഷ് ശേഖര്‍ കാമുല ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍, ചിത്രത്തിലെ മറ്റ് താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
ഹാപ്പി ഡെയ്‌സിലൂടെ മലയാളിക്ക് സുപരിചിതനായ ശേഖര്‍ കമുല
ഡോളര്‍ ഡ്രീംസ് എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ശേഖര്‍ കമുല ഹാപ്പി ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാളി സിനിമാപ്രേമികള്‍ക്ക് സുപരിചിതനാകുന്നത്. മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ തമന്ന ഭാട്ടിയയായിരുന്നു നായിക.