ആദ്യ ചിത്രത്തിലൂടെ പ്രതിഭ തെളിയിച്ച സംവിധായകനാണ് മാരി സെൽവരാജ്. തമിഴ്നാട്ടിലെ ജാതീയ അസമത്വങ്ങളെ പ്രതീകങ്ങളിലൂടെയും ശക്തമായ കാഴ്‌ചപ്പാടുകളിലൂടെയും തുറന്നുകാട്ടിയ പരിയേറും പെരുമാളിന് ശേഷം സംവിധായകനെത്തുന്നത് മറ്റൊരു സാമൂഹിക പ്രസക്തിയുള്ള ചിത്രവുമായാണ്. ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. "അവർ അവനെ വിളിച്ചു, അവൻ അവർക്കുവേണ്ടി വന്നു," എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ ടീസർ പങ്കുവെച്ചത്. നാടിന് രക്ഷകനായി കുതിരപ്പുറത്ത് ലുങ്കിയും ഷർട്ടുമണിഞ്ഞ് വാളേന്തിയെത്തിയ ധനുഷിന്‍റെ കർണനെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്.
പരിയേറും പെരുമാളിന് ശേഷം മാരി സെൽവരാജ്; കർണൻ ടീസറെത്തി - karnan pariyerum perumal news
ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ ചിത്രം 1991ല്‍ തിരുനെൽവേലിയിൽ നടന്ന ജാതീയ സംഘർഷത്തെ ആസ്‌പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
1991ല്‍ തിരുനെൽവേലിയിൽ നടന്ന ജാതീയ സംഘർഷമാണ് കർണൻ ചിത്രത്തിന്‍റെ പ്രമേയം. മലയാളി താരം രജിഷ വിജയനാണ് നായിക. യോഗി ബാബു, ലാൽ, നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തേനി ഈശ്വരാണ് ഛായാഗ്രഹകൻ. സെൽവ ആർ.കെ എഡിറ്റിങ് നിർവഹിക്കുന്നു. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കലൈപുലി എസ് തനുവാണ്. അടുത്ത മാസം ഒമ്പതിന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും.
അതേ സമയം, മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനാകുന്നത് ധ്രുവ് വിക്രമാണ്. ധനുഷിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത് ഹോളിവുഡ് സിനിമ ഗ്രേ മാനാണ്.