കേരളം

kerala

ETV Bharat / sitara

പൊള്ളാതവനും അസുരനും മാരിയും കർണനും... ഇന്ത്യൻ സിനിമയിലെ ധനുഷ് സാന്നിധ്യം - dhanush tamil films news

19 വർഷങ്ങൾക്ക് മുൻപ് പലരും മുൻവിധിയെഴുതിയ ധനുഷ് എന്ന നടൻ രണ്ട് ദേശീയ അവാർഡുകളും കൂടാതെ, റൂസ്സോ ബ്രദേഴ്‌സിന്‍റെ ഹോളിവുഡ് ചിത്രത്തിലൂടെയും അന്തർദേശീയ സാന്നിധ്യമായി വളരുകയാണ്. ഇന്ന് ധനുഷിന് 38-ാം ജന്മദിനം.

ധനുഷ് 38-ാം ജന്മദിനം വാർത്ത  ധനുഷ് പിറന്നാൾ വാർത്ത  തമിഴ് സിനിമ പിറന്നാൾ വാർത്ത  38 ജന്മദിനം ധനുഷ് വാർത്ത  dhanush 38th birthday today news  dhanush birthday latest  dhanush tamil films news  dhanush national award news
ധനുഷ്

By

Published : Jul 28, 2021, 1:43 PM IST

'എന്താണ് നമുക്ക് ഇഷ്‌ടമെന്നത് നോക്കി മുന്നേറണം. എല്ലാവർക്കും അവരവരുടെ അഭിരുചികൾ ഉണ്ടാകും. നിങ്ങൾ അഭിരുചിയിൽ വിശ്വസിച്ച് അതിനായി പ്രവർത്തിക്കണം. അങ്ങനെ ചെയ്‌താൽ ഭാഗ്യം നിങ്ങളെ തേടി വരും. ഭാഗ്യം എപ്പോഴും കഠിനപ്രയത്‌നത്തെയാണ് പിന്താങ്ങുന്നത്. ചിലർക്ക് അത് നേരത്തെയും മറ്റ് ചിലർക്ക് വൈകിയും വരും.

പക്ഷേ നിങ്ങൾ ക്ഷമയുള്ളവരായിരിക്കണം. ഒരിക്കലും വിട്ടുകളയരുത്. നിങ്ങൾ ചെയ്യുന്നതിൽ വിശ്വാസമുണ്ടായിരിക്കുക എന്നതിലാണ് പ്രാധാന്യം. ജയവും പരാജവും ഉണ്ടാകാം. വിജയമുണ്ടാകുമ്പോൾ തല ഉയർത്തി അഹങ്കരിക്കരുത്, തോൽവിയുണ്ടാകുമ്പോൾ തല താഴ്‌ത്തി നിരുത്സാഹപ്പെടരുത്. എപ്പോഴും സമതുലമായി പോകുക.'

തീരെ മെല്ലിഞ്ഞ, ആകാരഭംഗിയില്ലാത്ത, ഒരു നായകന് വേണ്ട യാതൊരു ഗുണഗണങ്ങളും പോരാത്ത, സോഡാകുപ്പിയും വച്ച് നായികയ്‌ക്ക് പിന്നാലെ നടക്കുന്ന നടൻ...കൂടിപ്പോയാൽ രണ്ടോ മൂന്നോ ചിത്രങ്ങൾ. സൂര്യയും വിജയ്‌യും അജിത്തും തുടങ്ങിയ യുവതാരങ്ങൾ അരങ്ങുവാഴുന്ന തമിഴകത്ത് എങ്ങനെയാണ് ഈ നടന് പിടിച്ചുനിൽക്കാനാവുക.

തുള്ളുവതോ ഇളമൈ, യാരടി നീ മോഹിനി, പൊള്ളാതവൻ തുടങ്ങിയ ചിത്രങ്ങൾ കണ്ട് മിക്കവരും ഇങ്ങനെ വിശ്വസിച്ചിരുന്നു.

അഭിനയത്തിൽ രണ്ട് ദേശീയ അവാർഡുകൾ

'നമ്മുടെ സ്വപ്‌നങ്ങളെ കണ്ട് ഒരുപാട് പേര് കളിയാക്കും. നമ്മുടെ ലുക്ക് കണ്ട് ചിരിക്കാം. നമ്മുടെ പ്രയത്‌നം കണ്ട് വെറുതെ നടക്കാത്ത കാര്യങ്ങൾക്ക് സമയം പാഴാക്കുകയാണെന്നും പറയാം. എന്നാൽ ആര് എന്ത് പറഞ്ഞാലും അതിന് ചെവി കൊടുക്കരുത്. നമ്മൾ നമ്മുടെ സ്വപ്‌നത്തിനായി പോരാടുക. നാളെ നമ്മൾ ഈ അവാർഡ് വാങ്ങുമെന്ന് പറയുമ്പോൾ അവർ ചിരിക്കുമായിരിക്കും അല്ലേ... എന്നാൽ, അതിന് നമ്മൾ അഞ്ചും പത്തും വർഷങ്ങളെടുത്താണ് അവിടെ എത്തിച്ചേർന്നത്.'

19 വർഷങ്ങൾക്ക് മുൻപ് പലരും മുൻവിധിയെഴുതിയ ധനുഷ് എന്ന നടൻ രണ്ട് ദേശീയ അവാർഡുകൾ അടക്കം പാൻ-ഇന്ത്യ താരമായി വളർന്നു. ലോകപ്രശസ്‌ത സംവിധായകന്മാരായ റൂസ്സോ ബ്രദേഴ്‌സിനൊപ്പം ഹോളിവുഡിലേക്കും സജീവമാകുന്നു.

ആദ്യ ചിത്രം തുള്ളുവതോ ഇളമൈ

റൊമാൻസും മാസും റിയലിസ്റ്റിക്കുമായി ഏതു വേഷവും കൈപ്പിടിയിലൊതുക്കാൻ ധനുഷ് എന്ന 38 വയസുകാരന് സാധിക്കും. കോളജ് പയ്യനായും കാമുകനായും റൗഡിയായും തേരാ പാരാ നടക്കുന്ന ചെറുപ്പക്കാരനായും ജോലിക്കാരനായും ദരിദ്രനായും സമ്പന്നനായും കർഷകനായും അച്ഛനായും കൊച്ചച്ഛനായും മുത്തശ്ശനായുമൊക്കെ ഏത് റേഞ്ചിലുള്ള കഥാപാത്രങ്ങളും ധനുഷിന് ഇണങ്ങും.

മന്മദരാസ എന്ന ഹിറ്റ് ഗാനത്തിലെ ചുവടുകളിലൂടെയായിരിക്കും പ്രേക്ഷകർ ആദ്യം അയാളെ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെ നിറയെ തമിഴ്‌ സിനിമകളിൽ താരം സാന്നിധ്യമറിയിച്ചു.

വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ ദേശീയ സാന്നിധ്യമായ താരം

More Read: ട്രാൻസ്‌ജെൻഡർ അനന്യയുടെ ജീവിതസമരം വെള്ളിത്തിരയിലേക്ക്

എന്നാൽ, തമിഴിലെ മുൻനിരതാരമായി ധനുഷിനെ അംഗീകരിക്കാൻ കുറച്ചുനാൾ കൂടി കാലത്തിന് കാത്തിരിക്കേണ്ടിവന്നു. നായികയ്‌ക്ക് പിറകെ നടക്കുന്ന നായകൻ... പ്രണയ ചിത്രമെന്ന് മാത്രം കരുതിയ പ്രേക്ഷകന്‍റെ ധാരണയെ തിരുത്തി 2011ൽ ഇറങ്ങിയ ആടുകളം ചരിത്രമെഴുതുകയായിരുന്നു. ആടുകളത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ധനുഷ് സലീം കുമാറുമായി പങ്കിട്ടു.

നടൻ, നിർമാതാവ്, ഗായകൻ, ഗാനരചയിതാവ് എന്നീ മേഖലകളിൽ സജീവം

തൊട്ടടുത്ത വർഷം ത്രീ എന്ന ചിത്രം കൂടി വന്നതോടെ ധനുഷ് എന്ന പേരും ദേശീയതലത്തിൽ വളർന്നുതുടങ്ങി. ചിത്രത്തിലെ വൈ ദിസ് കൊലവെറി എന്ന ഗാനവും അതിന് പിന്നിലെ ശബ്‌ദവും ഇന്ത്യ മുഴുവൻ അലയടിച്ചു. പിന്നീട് രാഞ്ജനാ, ഷമിതാഭ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ.

നടനായും നിർമാതാവായും പാട്ടുകാരനായും ഗാനരചയിതാവുമായെല്ലാം സിനിമയുടെ പല മേഖലകളിലേക്ക് ധനുഷ് വ്യാപിച്ചു. ഹൃദയസ്‌പർശിയായ കാക്ക മുട്ടൈ ചിത്രത്തിലൂടെയും, നിയമപാലകരുടെ ഇരുളറഞ്ഞ ക്രൂരതകൾ തുറന്നുകാണിച്ച വിസാരണയിലൂടെയും നിർമാണത്തിലും ദേശീയ പുരസ്‌കാരങ്ങൾ.

വർഷങ്ങൾ വളരുമ്പോൾ വേലയില്ലാ പട്ടതാരി, അനേകൻ, തങ്കമകൻ, മാരി എന്നീ ചിത്രങ്ങളെ തിയേറ്ററുകളും ആഘോഷമാക്കി. വേലയില്ലാ പട്ടതാരി, മാരി എന്നീ ചിത്രങ്ങൾക്ക് രണ്ടാം ഭാഗമിറങ്ങി. വെട്രിമാരന്‍റെ വടച്ചെന്നൈയിലൂടെ പ്രേക്ഷകനെ ഞെട്ടിച്ച പ്രകടനം. വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ടിൽ വീണ്ടുമൊരു വിപ്ലവ സിനിമ കൂടി പുറത്തിറങ്ങി. 2019ൽ റിലീസ് ചെയ്‌ത അസുരൻ മെഗാഹിറ്റായി. കൂടാതെ, ഇക്കഴിഞ്ഞ ദേശീയ അവാർഡിൽ മികച്ച നടനുള്ള സുവർണ കമലവും നടന് തന്നെ.

വീണ്ടും കർണനിലൂടെയും ജഗമേ തന്തിരത്തിലൂടെയും അഭിനയത്തിലെ വ്യത്യസ്‌തതകളുമായി ധനുഷ് ഇന്ത്യൻ സിനിമയുടെ അടയാളമാവുകയാണ്. അത്‌രംഗി രേ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ദി ഗ്രേ മാനിലൂടെ ഹോളിവുഡിലേക്കും വേരുറപ്പിക്കുന്നു.

സ്വന്തം പ്രയത്‌നത്തിൽ വിശ്വസിച്ച് മുന്നേറാൻ ഉദാഹരണവും പ്രചോദനവുമാണ് ധനുഷ്. അറുപതിലധികം ചിത്രങ്ങളുമായി രണ്ട് ദശകങ്ങളോട് അടുക്കുകയാണ് നടന്‍റെ സിനിമാജീവിതം. സിനിമ ഇഷ്‌ടപ്പെടുന്നവനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മോഹിപ്പിക്കാനും ഒരുപാട് കഥാപാത്രങ്ങളുമായി ലോകസിനിമയിൽ ധനുഷ് ഒരു നിർണായകസാന്നിധ്യമാകും.

ABOUT THE AUTHOR

...view details