ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിത കഥപറയുന്ന ബോളിവുഡ് ചിത്രം ഛപാക്കിന്‍റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വികാരധീനയായി ദീപിക പദുകോണ്‍. കരച്ചില്‍ നിയന്ത്രിക്കാനാതെ താരം വേദിയില്‍ പൊട്ടികരഞ്ഞു. ദീപിക പദുകോണാണ് ചിത്രത്തില്‍ ആസിഡ് ആക്രമണം അതിജീവിക്കുന്ന പെണ്‍ക്കുട്ടിയായി വേഷമിട്ടത്.
ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്ര സ്പർശിച്ചുവെന്നും പറയവെയാണ് ദീപികയുടെ കണ്ണ് നിറഞ്ഞത്. മേഘ്ന ഗുൽസാറാണ് ഛപാക് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ മാൽതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്കും കടന്നിരിക്കുകയാണ് ദീപിക. ആസിഡ് എറിഞ്ഞ കാമുകനെതിരായ നീതിക്കായുള്ള മാൽതിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
ആസിഡ് വിൽപ്പന തടയാൻ നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങൾ ഇല്ലാത്തതും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്‍റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി 'സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.