തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന്‍റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി സിനിമാലോകം. അകാലത്തിൽ വിടവാങ്ങിയ എസ്.പി ജനനാഥനോടുള്ള സ്‌നേഹവും ആദരവും സിനിമാതാരങ്ങളും സംഗീതലോകത്തെ പ്രമുഖരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. തമിഴ് സിനിമാമേഖലക്ക് മികച്ച ചിത്രങ്ങൾ സംഭാവന ചെയ്‌തതിനും ദേശീയ പുരസ്‌കാരം തമിഴകത്തേക്ക് എത്തിച്ചതിനും സംവിധായകനോട് നന്ദി കുറിച്ചു കൊണ്ടാണ് എസ്.പി ജനനാഥന് ആദരാഞ്ജലി നേർന്നത്.
മക്കൾ സെൽവൻ വിജയ് സേതുപതി, സംഗീത സംവിധായകൻ ഡി. ഇമ്മൻ, തെന്നിന്ത്യൻ ചലച്ചിത്ര നടി ഗൗതമി തടിമല്ല, ശ്രുതി ഹാസൻ, നടൻ ഹരീഷ് കല്യാൺ, ശന്തനു, ഖുശ്‌ബു, സംവിധായകൻ മോഹൻ രാജ എന്നിവർ ആദരാഞ്ജലി അറിയിച്ചു.
"എല്ലാവർക്കും പ്രചോദനമായ വലിയ മനസിനുടമ, എസ്‌പി ജനനാഥന് ആദരാഞ്ജലി. ഇത് ഹൃദയം നുറുങ്ങുന്ന വേദനയെന്ന്," മോഹൻ രാജ ട്വിറ്ററിൽ കുറിച്ചു.