CODA wins Best Picture: നിരവധി പുരസ്‌കാരങ്ങളുമായി 94ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ തിളങ്ങി 'കോഡ'. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സഹനടന്‍ ഉള്‍പ്പടെ പ്രധാന പുരസ്‌കാരങ്ങളെല്ലാം 'കോഡ' സ്വന്തമാക്കി. സിയാന്‍ ഹെഡര്‍ ആണ് 'കോഡ'യുടെ സംവിധാനം.
Troy Kotsur wins best supporting actor: 'കോഡ'യിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു. ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ബധിര അഭിനേതാവ് കൂടിയാണ് ട്രോയ് കോട്‌സര്‍. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം ബധിരരായിരുന്നു.
'ബെൽഫാസ്‌റ്റ്', 'ഡോണ്ട് ലുക്ക് അപ്പ്', 'ഡ്രൈവ് മൈ കാർ', 'ഡ്യൂൺ', 'കിംഗ് റിച്ചാർഡ്', 'ലൈക്കോറൈസ് പിസ്സ', 'നൈറ്റ്‌മെയര്‍ ആലി', 'ദി പവർ ഓഫ് ദ് ഡോഗ്' തുടങ്ങിയ സിനിമകൾക്കൊപ്പമാണ് 'കോഡ' നാമനിർദേശം ചെയ്യപ്പെട്ടത്.
കോമഡി ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രമാണ് സിയാൻ ഹെഡർ സംവിധാനം ചെയ്‌ത 'കോഡ'. 2014ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമായ 'ലാ ഫാമില്ലേ ബെലീര്‍' ന്‍റെ ഇംഗ്ലീഷ് റീമേക്കാണ് 'കോഡ'. ബധിര കുടുംബത്തില്‍ കേൾവി ശക്തിയുള്ള ഏക അംഗമായ 'കോഡ' ആയി എമിലിയ ജോൺസ് ആണ് വേഷമിട്ടത്.
അക്കാദമി അവാർഡ് ജേതാക്കളായ ലേഡി ഗാഗയും ലിസ മിനല്ലിയും ചേർന്നാണ് 'കോഡ'ക്ക് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പ് ഗാഗയെ ഷോ ബിസിനസ് ലെജന്‍റ് എന്ന് വിളിച്ച് ലിസ മിനല്ലി പ്രശംസിക്കുകയും ചെയ്‌തു. രാത്രി മുഴുവൻ മികച്ച ചിത്രത്തിനുള്ള അവാർഡുകൾക്കായുള്ള അതിശയിപ്പിക്കുന്ന നോമിനേഷനുകൾ ഞങ്ങള്‍ കണ്ടുവെന്നും മിനെല്ലി പറഞ്ഞു. 'അത് ആരാണെന്ന് ഞങ്ങൾ പറയാൻ പോകുന്നു. അത് 'കോഡ' ആണ്'. -മിനെല്ലി പറഞ്ഞു.
Also Read: വില്‍ സ്‌മിത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് കിങ് റിച്ചാര്‍ഡ്