പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തിയതിന് പിന്നാലെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുമ്പോള്‍ നിലപാട് വ്യക്തമാക്കിയും ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മലയാളത്തില്‍ നിന്നും കൂടുതല്‍ സിനിമതാരങ്ങള്‍ രംഗത്തെത്തി. നിലാപാടുകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി അറിയിച്ച താരങ്ങള്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതായും വ്യക്തമാക്കി. മലയാളത്തിന്‍റെ യുവനിര താരങ്ങളെല്ലാം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയും അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നടിമാരായ അമല പോള്‍, പാര്‍വ്വതി തിരുവോത്ത്, അനാര്‍ക്കലി മരക്കാര്‍, ദിവ്യപ്രഭ, രജിഷ വിജയന്‍, ശ്രിന്ധ, തന്‍വി റാം, നൈല ഉഷ, സാവിത്രി ശ്രീധരന്‍, നടന്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ജയസൂര്യ, അനൂപ് മേനോന്‍, ഷെബിന്‍ ബെന്‍സണ്‍, ബിനീഷ് ബാസ്റ്റിന്‍, സംവിധായകരായ ആഷിക് അബു, മുഹ്സിന്‍ പെരാരി, സക്കറിയ മുഹമ്മദ് തുടങ്ങിയവരെല്ലാം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊപ്പമെന്ന് പോസ്റ്റുകളിലൂടെ അറിയിച്ചു.
ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുമ്പോഴല്ല, മറുഭാഗം നിശബ്ദരാകുമ്പോഴാണ് ഫാസിസം ശക്തിപ്പെടുന്നതെന്ന് നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജാമിയയിലെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പൊലീസിന് നേരെ കൈചൂണ്ടി എതിര്‍ത്ത വിദ്യാര്‍ഥിനി ഫാത്തിമത്ത് റെന്നെയുടെ കാര്‍ട്ടൂണ്‍ നല്‍കി 'ഇന്ത്യ നിന്‍റെ തന്തയുടേതല്ല' എന്നാണ് അമല പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. 'മാപ്പ് ജാമിയ' എന്നായിരുന്നു പാര്‍വതി തിരുവോത്തിന്‍റെ പ്രതികരണം. 'ജാമിയയില്‍ ഞാന്‍ പോയിട്ടുള്ളതാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു'വെന്നും പാര്‍വതി കുറിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനത്തിന്റെ ഫോട്ടോ പങ്കുവച്ചാണ് പൃഥ്വിരാജ് പ്രതികരണം അറിയിച്ചിരിക്കുന്നത്.
വിപ്ലവം എപ്പോഴും സ്വദേശീയമായി തന്നെയാണ് ഉണ്ടാകുന്നതെന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. 'ചൂണ്ടിയ ആ വിരല്‍ മതി രാജ്യത്തെ കുട്ടികളെ ഒരുമിച്ച് നിര്‍ത്താൻ. ഭരണഘടനയോട് സത്യമുള്ളവരാവുക, രാജ്യത്തിന്‍റെ യഥാര്‍ഥ മകളും മകനുമാവുക' എന്നാണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കില്‍ കുറിച്ചത്. 'നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മതേതരത്വം നീണാള്‍ വാഴട്ടെ' എന്ന് ഇന്ദ്രജിത്തും 'ടീമേ, ജനിച്ചത് ഇന്ത്യയില്‍ തന്നെയാണ്. ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയില്‍ത്തന്നെയായിരിക്കും. ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട'യെന്ന് ബിനീഷ് ബാസ്റ്റിനും പ്രതികരിച്ചു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ടൊവീനോയുടെ പോസ്റ്റ്. 'ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് കാമ്പെയ്നുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും.ചരിത്രം പഠിപ്പിക്കുന്നത് അതാണ് എന്നും ടൊവീനോ കുറിച്ചു.
രാജ്യത്താകമാനം നിരവധിപേരാണ് ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലായി വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് സമരങ്ങളും നടക്കുന്നുണ്ട്.