സിനിമാ- സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. നടന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസാണെന്നും എറണാകുളം ആശുപത്രിയിൽ ചികിത്സയിലാണെന്നും നടൻ സജിനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബാലഗണപതി, സാന്ത്വനം തുടങ്ങിയ ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് കൈലാസ് നാഥ്.
അദ്ദേഹത്തിന് ലിവർ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനായി വലിയ തുക വേണമെന്നും ദിവസേനയുള്ള ആശുപത്രി ചെലവിന് അദ്ദേഹത്തിന്‍റെ കുടുംബം ബുദ്ധിമുട്ടുകയാണെന്നും സാന്ത്വനം സീരിയലിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ ഫേസ്ബുക്കിൽ വിശദീകരിച്ചു. കൈലാസ് നാഥനെ സാമ്പത്തികമായി സഹായിക്കാൻ സുമനസ്സുകളോട് അഭ്യർഥിക്കുന്നതായും താരം പറഞ്ഞു.
"പ്രിയ സുഹൃത്തുക്കളെ, സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു. ടിവിഎം എസ്കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം റെനെ മെഡിസിറ്റിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ്. ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ച തുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്‍റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം. ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്‍റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു. പ്രതീക്ഷയോടെ അഡ്മിൻ പാനൽ," മകളുടെ അക്കൗണ്ട് വിവരങ്ങളും സജിൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
Also Read: മാടമ്പ് കുഞ്ഞുകുട്ടന്‍റെ വിയോഗം സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി
ഇപ്പോൾ സംപ്രേക്ഷണം തുടരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഉപ്പുകണ്ടം ബ്രദേഴ്സ്, മിഴികൾ സാക്ഷി, യുഗപുരുഷൻ, സീതകല്യാണം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്.