കഴിഞ്ഞ ദിവസം തെലുങ്ക് യുവതാരം രാംചരണിന്‍റെ പിറന്നാളായിരുന്നു. സിനിമാതാരങ്ങളും ആരാധകരുമായി നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അക്കൂട്ടത്തില്‍ ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അച്ഛന്‍ ചിരഞ്ജീവി. ഫേസ്ബുക്കില്‍ മകനൊപ്പമുള്ള ചെറുപ്പകാല ചിത്രവും ചിരഞ്ജീവി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഹൃദയസ്പര്‍ശിയായ വാക്കുകളിലൂടെ മകന് ചിരഞ്ജീവിയുടെ പിറന്നാള്‍ ആശംസകള്‍ - Ramcharan happy birthday
ജലത്തിലെ മത്സ്യമെന്ന പോലെയാണ് അവന്‍ അഭിനയം തെരഞ്ഞെടുത്തതെന്നാണ് രാംചരണിനൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചുകൊണ്ട് ചിരഞ്ജീവി കുറിച്ചത്
'രാം ചരണ്‍ ജനിച്ചപ്പോള്‍ ഞാന്‍ അതീവ സന്തോഷവാനായിരുന്നു. മാര്‍ച്ച് 27ന് അവന്‍ ജനിച്ചതിന് ഒരു കാരണമുണ്ടെന്ന് കുറേ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി... ലോക നാടക ദിനം... ജലത്തിലെ മത്സ്യമെന്ന പോലെയാണ് അവന്‍ അഭിനയം തെരഞ്ഞെടുത്തത്. ഈ ദിനത്തില്‍ നിനക്ക് എല്ലാ ആശംസകളും...' ചിരഞ്ജീവി കുറിച്ചു.
ഭാര്യ ഉപാസനയും രാംചരണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഉപാസന തന്നെ തയ്യാറാക്കിയ പിറന്നാള്‍ കേക്ക് മുറിക്കുന്ന രാംചരണിന്‍റെ ചിത്രവും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറാണ് രാംചരണിന്‍റെ പുതിയ ചിത്രം. താരത്തിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ സ്പെഷ്യല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അല്ലൂരി സീതാരാമരാജു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാം എത്തുന്നത്.