ചെന്നൈ :ഓൺലൈൻ ക്ലാസിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ സ്വീകരിച്ച നിയമനടപടി, താനും മറ്റ് 16 പേരും ഉന്നയിച്ച മീ ടൂ വിവാദത്തിലുള്‍പ്പെട്ട വൈരമുത്തുവിനെതിരെയും നടപ്പാക്കണമെന്ന് ഗായിക ചിന്മയി ശ്രീപാദ. രാജ്യസഭ എംപിയും ഡിഎംകെ നേതാവുമായ കനിമൊഴിയോടാണ്, ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ വൈരമുത്തുവിനെതിരെ നടപടി എടുക്കണമെന്ന് ഗായിക ആവശ്യപ്പെട്ടത്.
ഓൺലൈൻ ക്ലാസിൽ തോർത്തുടുത്ത് മാത്രം പ്രത്യക്ഷപ്പെടുകയും വിദ്യാർഥിനികൾക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത സംഭവത്തിൽ ചെന്നൈ പിഎസ്ബിബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ രാജഗോപാലനെതിരെ പരാതി ഉയർന്നിരുന്നു. എന്നാൽ, തുടക്കത്തിൽ സ്‌കൂൾ അധികൃതർ ഇത് അവഗണിക്കുകയായിരുന്നു.
പിന്നീട് പൊലീസ് അധ്യാപകനെതിരെ അന്വേഷണം ആരംഭിച്ചു. പിന്നാലെ സ്കൂൾ അധികൃതർ രാജഗോപാലനെ സസ്‌പെൻഡ് ചെയ്തു. അധ്യാപകനും പരാതി അവഗണിച്ച സ്കൂൾ അധികൃതർക്കുമെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കനിമൊഴി എംപി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ചിന്മയിയുടെ പ്രതികരണം.