എറണാകുളം: തമിഴകത്തിന്‍റെ പ്രമുഖ സംവിധായകന്മാരിൽ ശ്രദ്ധേയനായ ഭാരതിരാജയുടെ സംവിധാനത്തിൽ കമൽ ഹാസൻ, ശ്രീദേവി പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 'സിഗപ്പ് റോജാക്കൾ'. 1978ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ബോക്സ് ഓഫീസ് ഹിറ്റായും മാറി. സൈക്കോളോജിക്കൽ ത്രില്ലർ ചിത്രത്തിൽ സ്ത്രീകളെ വെറുക്കുന്ന ദിലീപെന്ന കഥാപാത്രത്തെയിരുന്നു കമൽ ഹാസൻ അവതരിപ്പിച്ചത്. ഇളയരാജയുടെ മനോഹരഗാനങ്ങൾക്കൊപ്പം സിഗപ്പ് റോജാക്കളുടെ കഥയും തിയേറ്ററുകളിൽ ചിത്രത്തിന് വലിയ വിജയമൊരുക്കി. ഇപ്പോഴിതാ ഭാരതിരാജയുടെ മകൻ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പറയുന്നത്. മനോജ് ഭാരതിരാജ സംവിധാനം ചെയ്യുന്ന സിഗപ്പ് റോജാക്കൽ 2വിൽ കമൽ ഹാസനും നടൻ ചിമ്പുവും ഒന്നിക്കുന്നുവെന്ന തരത്തിലും സൂചനകളുണ്ട്.
'സിഗപ്പ് റോജാക്കൾ 2'ൽ കമൽ ഹാസനൊപ്പം ചിമ്പുവും? - manoj bharatiraja
1978ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'സിഗപ്പ് റോജാക്കൾ' സംവിധാനം ചെയ്‌തത് പ്രമുഖ സംവിധായകൻ ഭാരതിരാജയായിരുന്നു. ചിത്രത്തിന്‍റെ തുടർഭാഗത്തിന്‍റെ സംവിധായകൻ ഭാരതിരാജയുടെ മകൻ മനോജ് ഭാരതിരാജയാണ്.

സിഗപ്പ് റോജാക്കൾ 2 സംബന്ധിച്ച തീരുമാനങ്ങൾ അച്ഛനും താനും ഒരു ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ അറിയിക്കുമെന്ന് മനോജ് ഭാരതിരാജ നേരത്തെ വ്യക്തമാക്കിയിരുന്നു. "തന്‍റെ ആദ്യ സംവിധാന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിനായി നടൻ ചിമ്പുവുമായി ചർച്ച നടത്തുന്നു. മന്മഥൻ എന്ന സിനിമയിലും ചിമ്പു സൈക്കോക്ക് സമാനമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരിക്കും സിഗപ്പ് റോജാക്കളുടെ രണ്ടാം ഭാഗത്തിലെ"ന്നും മനോജ് ഭാരതിരാജ പറഞ്ഞു. ചിത്രത്തിന്‍റെ തിരക്കഥ സംവിധായകൻ റാമുമായി ചേർന്നെഴുതിയതാണെന് മനോജ് ഭാരതിരാജ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ സൂചിപ്പിച്ചിരുന്നു.
1978ലെ സിഗപ്പ് റോജാക്കളിൽ അഭിനയിച്ച കമൽ ഹാസനും രണ്ടാം ഭാഗത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുമെന്നും ഇത് കമൽ ഹാസൻ- ചിമ്പു ആരാധകർക്ക് വലിയ സന്തോഷവാർത്തയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കമൽ ഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 ചിത്രത്തിൽ ചിമ്പു പൊലീസ് വേഷത്തിൽ എത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ചില കാരണങ്ങളാൽ അത് മുടങ്ങിപ്പോയിരുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന മാനാട് ആണ് ചിമ്പുവിന്‍റെ ഏറ്റവും പുതിയ ചിത്രം. മാനാട് സിനിമയുടെ നിർമാതാവ് സുരേഷ് കാമാക്ഷിയായിരിക്കും സിഗപ്പ് റോജാക്കൾ 2വും നിർമിക്കുക.