കേരളം

kerala

ETV Bharat / sitara

ഹാസ്യ സാമ്രാട്ടിന് നൂറ്റിമുപ്പത്തിയൊന്നാം പിറന്നാള്‍ - charlie chaplin birthday

ചാര്‍ളി ചാപ്ലിന്‍ സ്വയം നിര്‍മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്‍റെ അഭിനയവും ഇന്നും ലോകപ്രശസ്തമാണ്

charlie chaplin  ഹാസ്യസാമ്രാട്ടിന് നൂറ്റിമുപ്പത്തിയൊന്നാം പിറന്നാള്‍  ചാര്‍ളി ചാപ്ലിന്‍ പിറന്നാള്‍  ചാപ്ലിന്‍ സിനിമകള്‍  charlie chaplin birthday  chaplin movies
ഹാസ്യസാമ്രാട്ടിന് നൂറ്റിമുപ്പത്തിയൊന്നാം പിറന്നാള്‍

By

Published : Apr 16, 2020, 11:42 AM IST

ചിരിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല.ഏത് വേദനയും ചിരിയില്‍ മറഞ്ഞുപോകും . അത് തന്നെയാണ് ചാർളി ചാപ്ലിന്‍ തന്‍റെ ജീവിതത്തില്‍ പകർത്തിയതും. ദുരന്തം നർമ്മത്തെ ഉളവാക്കുന്നു എന്നത് വല്ലാത്ത ഒരു വൈരുദ്ധ്യമാണ്. അതൊരു രക്ഷാമാർഗ്ഗമാണെന്ന് ഞാൻ കരുതുന്നു എന്നാണ് ചാർളി ചാപ്ലിന്‍ തന്‍റെ ആത്മകഥയില്‍ പറഞ്ഞത് . തന്‍റെ വേദനകള്‍ എല്ലാം കടിച്ചമര്‍ത്തി എന്നും മറ്റുള്ളവര്‍ക്ക് നിറചിരി സമ്മാനിച്ച ലോകം കണ്ട ഇതിഹാസതാരം ചാര്‍ളി ചാപ്ലിന്‍റെ നൂറ്റിമുപ്പത്തിയൊന്നാം ജന്മദിനമാണിന്ന്. മൗനം കൊണ്ടുപോലും ആരവങ്ങളുടെ അലകള്‍ ഉയര്‍ത്തിയ അത്ഭുതങ്ങളുടെ രാജകുമാരനാണ് ചാപ്ലിന്‍.

ചാര്‍ളി ചാപ്ലിന്‍ സ്വയം നിര്‍മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്‍റെ അഭിനയവും ഇന്നും ലോകപ്രശസ്തമാണ്. 1889 ഏപ്രില്‍ 16നാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചുപോയ കുഞ്ഞുചാര്‍ളിയുടെ ചെറുപ്പകാലം അവഗണനയും നിരാശയും നിറഞ്ഞതായിരുന്നു. സ്റ്റേജ് ആര്‍ട്ടിസ്റ്റായ ഹന്നയുടെ ശബ്ദമിടറിയപ്പോള്‍, കാണികള്‍ കൂവാന്‍ ആരംഭിച്ചു. പാടാന്‍ കഴിയാതെ സ്റ്റേജിന് പിന്നലേക്ക് കരഞ്ഞുകൊണ്ട് ഓടുന്ന ഹന്നയെ നോക്കി കര്‍ട്ടന് പിന്നില്‍ ഒരു കൊച്ചുകുട്ടി നില്‍പ്പുണ്ടായിരുന്നു. ഹന്നയുടെ മകന്‍ ചാര്‍ളി.അമ്മക്ക് പകരം സംഗീത വേദിയിലേക്ക് ഓടിക്കയറിയ ആ അഞ്ചു വയസുകാരനെ കൗതുകത്തോടെയാണ് സദസ് നോക്കിനിന്നത്. ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ഏകാംഗ പ്രകടനത്തിലൂടെ കുഞ്ഞ് ചാര്‍ളി അഭിനയത്തിന്‍റെ ആദ്യ ചുവടുറപ്പിച്ചു. പിന്നീടുളള 75 വര്‍ഷങ്ങള്‍ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു ആ അതുല്യപ്രതിഭ ചാര്‍ളി ചാപ്ലിന്‍.

അഞ്ചാം വയസുമുതല്‍ അഭിനയിച്ച് തുടങ്ങിയ ചാര്‍ളി ചാപ്ലിന്‍ എണ്‍പതാം വയസുവരെ അഭിനയരംഗത്ത് തുടര്‍ന്നു. ജാക്കറ്റും വലിയ പാന്‍റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച നല്ല മനുഷ്യനായ 'ട്രമ്ബ്' എന്ന കഥാപാത്രമായാണ് ചാപ്ലിന്‍ ഏറ്റവും കൂടുതല്‍ തവണ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബാല്യത്തില്‍ ചാപ്ലിന്‍ രോഗബാധിതനായി ആഴ്ചകളോളം കിടപ്പിലായിരുന്നു. അപ്പോള്‍ രാത്രികളില്‍ ചാപ്ലിന്‍റെ അമ്മ ജനാലക്കല്‍ ഇരുന്ന് പുറത്തുനടക്കുന്ന കാര്യങ്ങള്‍ ചാപ്ലിന് അഭിനയിച്ച്‌ കാണിച്ചുകൊടുക്കുമായിരുന്നു. ഇതായിരുന്നു ഭാവിയില്‍ തന്‍റെ അഭിനയ ജീവിത്തെ മികച്ചതാക്കിയതെന്ന് ചാപ്ലിന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

നാടകീയതയില്‍ ഊന്നിയ ആവിഷ്കരണ രീതി, കുറച്ച്‌ സാങ്കേതികത, കൗശലം നിറഞ്ഞ അവതരണം ചാപ്ലിന്‍ എന്ന സംവിധായകനില്‍ നിന്നും കണ്ട് പഠിക്കാന്‍ നിരവധി പാഠങ്ങള്‍ ഉണ്ടായിരുന്നു. ഓരോ ഫ്രെയിമിലും ചലനങ്ങള്‍ നിലനിര്‍ത്താനും, ചലച്ചിത്രം എന്നാല്‍ ചലനമുള്ള ചിത്രമാണെന്ന് ഉറപ്പ് വരുത്താനും ചാപ്ലിന്‍ എപ്പോ‍ഴും ശ്രദ്ധിച്ചു. അഭിനേതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍, എഡിറ്റര്‍ തുടങ്ങി ചാപ്ലിന്‍ കൈവെക്കാത്ത ഒരു മേഖലയും സിനിമയില്‍ ഉണ്ടായിരുന്നില്ല.

ചാപ്ലിന് രണ്ട് പ്രത്യേക ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ചാപ്ലിനെ ആദ്യം 'മികച്ച നടന്‍' 'ഏറ്റവും നല്ല ഹാസ്യ ചിത്രത്തിന്‍റെ സംവിധായകന്‍' എന്നീ പുരസ്കാരങ്ങള്‍ക്കായിരുന്നു തെരഞ്ഞെടുത്തത്. പിന്നീട് ഇതിന് പകരം അഭിനയം, കഥാരചന, സംവിധാനം, നിര്‍മാണം എന്നിവയിലുള്ള വൈവിധ്യത്തിനും അസാമാന്യ പ്രതിഭക്കുമുള്ള പ്രത്യേക പുരസ്കാരം നല്‍കി. ചാപ്ലിന് രണ്ടാമത്തെ പുരസ്കാരം 44 വര്‍ഷങ്ങള്‍ക്ക് ശേഷം 1972ലാണ് ലഭിച്ചത്. ഈ പുരസ്കാരം ലഭിച്ചപ്പോള്‍ ഓസ്കാര്‍ പുരസ്കാരങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ നേരം കാണികള്‍ എഴുന്നേറ്റ് നിന്ന് കൈ അടിച്ചത് ചാപ്ലിന് വേണ്ടിയായിരുന്നു.

ജനകീയ ചലച്ചിത്രകാരനായ ചാപ്ലിന്‍ എണ്‍പത്തിയെട്ടാമത്തെ വയസില്‍ സ്വിറ്റസര്‍ലന്‍റില്‍ അന്തരിച്ചപ്പോള്‍ സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിന് കൂടി അന്ത്യമാവുകയായിരുന്നു. തലയിലൊരു തൊപ്പിയും കയ്യിലൊരു വടിയുമായി സ്‌ക്രീനില്‍ ചാപ്ലിന്‍റെ മുഖം തെളിയുമ്പോള്‍ മുതല്‍ ചിരി പടര്‍ത്തുന്ന ആ മനുഷ്യനെ ലോകം ഹൃദയം കൊണ്ടുതന്നെയാണ് ഇന്നും ചാര്‍ലി ചാപ്ലിനെന്ന് വിളിക്കുന്നത്.

ABOUT THE AUTHOR

...view details