ചാർലിയുടെ സംവിധായകൻ മാർട്ടിൻ പ്രകാട്ട് കുഞ്ചാക്കോ ബോബനെയും നിമിഷ സജയനെയും ജോഡിയാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നായാട്ട്'. ഇപ്പോഴിതാ, ചിത്രത്തിലെ തന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് കുഞ്ചോക്കോ ബോബൻ. വെട്ടിയൊതുക്കിയ മുടിയും കട്ടിമീശയുമായി കലിപ്പൻ ഗെറ്റപ്പിൽ ബുള്ളറ്റിനിലുള്ള ലുക്കാണ് കുഞ്ചാക്കോ ബോബൻ ആരാധകരുമായി പങ്കുവെച്ചത്. ഒപ്പം നായാട്ട് ഉടൻ റിലീസിനെത്തുമെന്ന സൂചനയും താരം പോസ്റ്റിലൂടെ കുറിക്കുന്നു.
2018ൽ പുറത്തിറങ്ങിയ മാംഗല്യം തന്തുനാനേന എന്ന ഫാമിലി എന്‍റർടെയ്‌ൻമെന്‍റ് ചിത്രത്തിലും ചാക്കോച്ചനും നിമിഷയും ജോഡികളായിരുന്നു. ത്രില്ലർ വിഭാഗത്തിലുൾപ്പെടുന്ന നായാട്ടിൽ ജോജു ജോർജ്ജും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, അന്തരിച്ച നടൻ അനില്‍ നെടുമങ്ങാട്, യമ എന്നിവരും ചിത്രത്തിൽ നിർണായകവേഷം ചെയ്യുന്നു.
ജോസഫ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിറാണ് നായാട്ടിന്‍റെ രചയിതാവ്. ഷൈജു ഖാലിദ് ഛായാഗ്രഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റർ മഹേഷ് നാരായണനാണ്. വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സിന്‍റെയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെയും ബാനറിലാണ് നായാട്ട് നിർമിക്കുന്നത്.