എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്‍റെ സാക്ഷി വിസ്താരം തുടങ്ങി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയൽ രഹസ്യമായാണ് സാക്ഷിവിസ്താരം നടക്കുന്നത്. നടി കാവ്യയുടെ അമ്മ ശ്യാമളയെയും കോടതി ഇന്ന് വിസ്തരിക്കും. എട്ടാം പ്രതി ദിലീപിന്‍റെ ഭാര്യ മാതാവ് കൂടിയായ ശ്യാമളയും മൊഴിനൽകാൻ കൊച്ചിയിലെ പ്രത്യേക കോടതിയിലെത്തി. തനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കാൻ നടൻ ദിലീപ് ശ്രമിക്കുന്നുവെന്ന് ആക്രമണത്തിനിരയായ നടി അമ്മ ജനറൽ സെക്രട്രറി ഇടവേള ബാബുവിന് പരാതി നൽകിയിരുന്നുവെന്നും ഇതേ തുടർന്ന് വിഷയം ദിലീപിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സംഘടന ഈ വിഷയത്തിൽ ഇടപെടുന്നതിനെ ദിലീപ് എതിർക്കുകയായിരുന്നുവെന്നും ഇടവേള ബാബു അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഇടവേള ബാബുവിന്‍റെ സാക്ഷി വിസ്താരം തുടങ്ങി
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ രഹസ്യമായാണ് സാക്ഷിവിസ്താരം നടക്കുന്നത്. നടി കാവ്യയുടെ അമ്മ ശ്യാമളയെയും കോടതി ഇന്ന് വിസ്തരിക്കും
ആക്രമണത്തിനിരയായ നടിയും എട്ടാം പ്രതി ദിലീപും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന് ഇടവേള ബാബുവിന്‍റെ മൊഴി ഏറെ നിർണായകമാണ്. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന് മുൻ ഭാര്യ മഞ്ജുവിനെ വിളിച്ച് മുന്നറിയിപ്പ് നൽകിയത് അമ്മ ശ്യാമളമായിരുന്നു. ആക്രമണത്തിലേക്ക് നയിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സമയത്തെ കാവ്യ -ദിലീപ് ബന്ധത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വ്യക്തി കൂടിയാണ് ശ്യാമള. സാക്ഷികളുടെ പ്രോസിക്യൂഷൻ വിസ്താരത്തിന് ശേഷം പ്രതികളുടെ അഭിഭാഷകരുടെ എതിർ വിസ്താരവും നടക്കും.
എട്ടാം പ്രതി ദിലീപും കോടതിയിൽ ഹാജരായി. ഒന്നാം പ്രതി പൾസർ സുനിയുൾപ്പടെയുള്ള പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഒന്നാം ഘട്ട സാക്ഷിവിസ്താരം ഏപ്രിൽ ഏഴിന് പൂർത്തിയാക്കും. മുപ്പത്തിയഞ്ച് ദിവസം കൊണ്ട് 136 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. ഇതിനകം മുപ്പത്തിയേഴ് സാക്ഷികളെയാണ് കൊച്ചിയിലെ വിചാരണ കോടതി വിസ്തരിച്ചത്.