ലോക സിനിമയുടെ ഏറ്റവും പഴക്കമേറിയതും പ്രൗഢഗംഭീരവുമായ വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ 74-ാം പതിപ്പിന് ചൊവ്വാഴ്ച ഫ്രാൻസിലെ കാൻ എന്ന കടലോര പട്ടണത്തിൽ തിരശ്ശീല ഉയരും.
കാനിലെ പ്രശസ്തമായ റെഡ് കാർപ്പറ്റ് വീണ്ടും താരങ്ങളെക്കൊണ്ട് നിറയും. പന്ത്രണ്ട് ദിനങ്ങൾ കാൻ പട്ടണം സിനിമ കഥകൾ പറയും. സംഗീതം, പ്രണയം, രാഷ്ട്രീയം, ആഡംബരം എന്നിവയ്‌ക്കെല്ലാം കാനിന്‍റെ ഓപ്പൺ എയർ ഓഡിറ്റോറിയം വേദിയാകും.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കായുള്ള മിഡെം ഫെസ്റ്റിവൽ, കാൻ ലയൺസ് ഇന്‍റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ക്രിയേറ്റിവിറ്റി എന്നിവക്ക് പ്രസിദ്ധമായ, സിനിമാ മുന്നേറ്റങ്ങൾ ഏറെ നടന്നിട്ടുള്ള കാൻ നഗരം 1946 മുതലാണ് ലോക സിനിമക്കായുള്ള കാൻ ചലച്ചിത്രോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ തുടങ്ങിയത്.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ചലച്ചിത്രമേള നടന്നിരുന്നില്ല. എല്ലാ വർഷവും മെയ് മാസത്തിൽ നടക്കാറുള്ള മേള കൊവിഡ് കണക്കിലെടുത്ത് ഈ വർഷം ജൂലൈയിലേക്ക് മാറ്റുകയായിരുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിന് ജൂലൈ 17ന് തിരശ്ശീല വീഴും.
മത്സര വിഭാഗത്തിൽ 23 ചിത്രങ്ങൾ
മത്സര വിഭാഗം, ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ്,ക്രിട്ടിക്സ് വീക്ക് എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളാണ് ചലച്ചിത്രമേളയിൽ ഉണ്ടാവുക. മൂന്നിനും ഔദ്യോഗിക തെരഞ്ഞെടുപ്പുകളും പുരസ്കാരങ്ങളുമുണ്ട്.
സ്പൈക്ക് ലീ ആണ് ആ ഈ വർഷത്തെ ജൂറി തലവൻ. ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയതും പ്രധാനപ്പെട്ടതുമായ ഗോൾഡൻ പാം പുരസ്കാരം കരസ്ഥമാക്കാനുള്ള അർഹത ഈ വർഷം ഏത് ചിത്രത്തിനാണെന്ന് സ്പൈക്ക് ലീ തീരുമാനിക്കും.