ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി സ്‌പൈഡര്‍മാന്‍ മാര്‍വല്‍ സ്റ്റുഡിയോസിന്‍റെ പടിയിറങ്ങുന്നു. അയൺമാന്‍റെ വിയോഗത്തിലും ക്യാപ്റ്റൻ അമേരിക്കയുടെ അപ്രതീക്ഷിത വിടവാങ്ങലിലും സങ്കടപ്പെട്ടിരുന്ന മാർവൽ ആരാധകരെ വീണ്ടും തളർത്തുന്ന വാർത്തയാണ് ഹോളിവുഡിൽ നിന്നും പുറത്തുവരുന്നത്. സോണി പിക്ചേഴ്സും മാര്‍വലിന്‍റെ ഉടമകളായ ഡിസ്നിയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്പൈഡര്‍മാനും മാര്‍വലും വഴിപിരിയുന്നതെന്നാണ് സൂചന. ലാഭവിഹിതം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് ഇവരുടെ വഴിപിരിയലിന് കാരണമായത്. സോണി എന്‍റര്‍ടെയ്ന്‍മെന്‍റിനാണ് കോമിക് കഥാപാത്രമായിരുന്ന സ്‌പൈഡര്‍മാന്‍റെ ഉടമസ്ഥാവകാശം.
'സ്പൈഡര്‍മാന്‍ ചിത്രങ്ങളില്‍ കൂടുതല്‍ അവകാശം വേണമെന്ന ഡിസ്നിയുടെ ആവശ്യം നിരാശാജനകമാണ്. ഇനിയുള്ള സ്‌പൈഡര്‍മാന്‍ ചിത്രങ്ങള്‍ക്ക് മാര്‍വല്‍ സ്റ്റുഡിയോ പ്രസിഡന്‍റ് കെവിന്‍ ഫെയ്ജിന്‍റെ ഇടപെടലുകളുണ്ടാകില്ല.’ സോണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇരുകമ്പനികളും ചേര്‍ന്നാണ് സ്‌പൈഡര്‍മാന്‍റെ ഒടുവിലത്തെ രണ്ട് ചിത്രങ്ങള്‍ നിര്‍മിച്ചത്. മാര്‍വല്‍ പ്രസിഡന്‍റ് കെവിന്‍ ഫെയ്ജിന്‍റെ ഇടപെടലുകളാണ് വാസ്തവത്തില്‍ സോണിയെ ചൊടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. എങ്കിലും കെവിന് നന്ദി പറഞ്ഞുകൊണ്ടാണ് മാര്‍വലുമായി വഴിപിരിയുന്ന കാര്യം സോണി ട്വീറ്റ് ചെയ്തത്.
മാര്‍വല്‍ കോമിക്‌സിന്‍റെ ഉടമസ്ഥതിയിലുണ്ടായിരുന്ന സ്‌പൈഡര്‍മാന്‍റെ ഉടമസ്ഥാവകാശം 1999ലാണ് സോണി സ്വന്തമാക്കുന്നത്. അഞ്ച് സ്‌പൈഡര്‍മാന്‍ ചിത്രങ്ങളാണ് സോണി സ്വന്തം നിലയില്‍ ഒരുക്കിയത്. മൂന്നെണ്ണത്തില്‍ ടോബി മഗ്വയറും രണ്ടെണ്ണില്‍ ആന്‍ഡ്ര്യു ഗാര്‍ഫീല്‍ഡുമായിരുന്നു നായകര്‍. 2015ലാണ് ഡിസ്‌നിയും മാര്‍വലുമായി സോണി കൈകോര്‍ക്കുന്നത്. ഇതിനുശേഷം ഇരുവരും ചേര്‍ന്ന് അഞ്ച് മാര്‍വല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങി. ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍, സ്‌പൈഡര്‍മാന്‍ ഹോം കമിങ്, അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്‌സ്: എന്‍റ്ഗെയിം, സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം. ഇതിലെല്ലാം സ്‌പൈഡര്‍മാന്‍റെയും പീറ്റര്‍ പാര്‍ക്കറുടെയും വേഷം ചെയ്തത് ടോം ഹോളണ്ടാണ്.
ജൂണ്‍ 26നാണ് അവസാന ചിത്രമായ സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം റിലീസ് ചെയ്തത്. ഫാർ ഫ്രം ഹോമിന്‍റെ കളക്‌ഷനുമായി ബന്ധപ്പെട്ട് സോണിയും ഡിസ്നിയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ നഷ്ടത്തിലായിരുന്ന സോണിയുടെ നിര്‍മാണ കമ്പനിക്ക് മാര്‍വലിന്‍റെ പിന്തുണ ഏറെ നിര്‍ണായകമായിരുന്നു. കമ്പനികളുടെ പുതിയ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഹോളിവുഡ് താരങ്ങളായ റയാൻ റെയ്നോൾഡ്, ജെറമി റെന്നർ തുടങ്ങിവർ ഈ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സേവ് സ്പൈഡർമാൻ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ തരംഗമാകുന്നു.