തിരക്കഥയും അഭിനയപ്രകടനും മാത്രമല്ല, എസ്എസ് തമൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെയും പ്രേക്ഷകനെ കയ്യിലെടുത്ത ചിത്രമായിരുന്നു അല്ലു അർജുന്‍റെ 'അല വൈകുണ്ഡപുരമുലു'. ടിക്‌ടോക്കുകളിൽ ട്രെന്‍റിങ്ങിലെത്തിയ ചിത്രത്തിലെ "ബുട്ട ബൊമ്മ" ഗാനത്തിലെ നൃത്തരംഗങ്ങളെ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ നിരവധി പേർ അനുകരിച്ചിരുന്നു. അക്കൂട്ടത്തിൽ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളിൽ നിന്നുവരെ ഗംഭീര പ്രതികരണം ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഭാര്യയും ബുട്ട ബൊമ്മക്ക് ചുവടു വച്ചതും വൈറലായിരുന്നു. ഇപ്പോഴിതാ, തെലുങ്കു ഗാനം യൂട്യൂബിൽ പുതിയ നാഴികക്കല്ല് രചിക്കുകയാണ്.
യൂട്യൂബിൽ ഒന്നാമനായി "ബുട്ട ബൊമ്മ" - thaman
അല്ലു അർജുൻ, പൂജാ ഹെഗ്‌ഡെ അഭിനയിച്ച "ബുട്ട ബൊമ്മ" ഗാനം യൂട്യൂബിൽ ഏറ്റവുമധികം കാഴ്‌ചക്കാരുള്ള തെലുങ്കു ഗാനമായി മാറുകയാണ്.
അല്ലു അർജുൻ, പൂജാ ഹെഗ്‌ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനം യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട തെലുങ്ക് ഗാനമായി മാറി. ഫിദ ചിത്രത്തിലെ "വെച്ചിൻഡേ"യെയും മറികടന്നാണ് അർമാൻ മാലിക് ആലപിച്ച ഗാനം മുൻപന്തിയിൽ എത്തിയിരിക്കുന്നത്. 260 മില്യണിലധികം കാഴ്‌ചക്കാരെയാണ് തെലുങ്ക് ഗാനം സ്വന്തമാക്കിയത്.
സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍റെ നൃത്തച്ചുവടുകളാണ് ബുട്ട ബൊമ്മയുലെ പ്രധാന ആകർഷണം. വീഡിയോ ഗാനം പുറത്തിറക്കി രണ്ടു ദിവസത്തിനകം ഒരു കോടിയിലേറെ ആളുകള്‍ യുട്യൂബിലൂടെ ആസ്വദിച്ച് നേരത്തെ ഹിറ്റ് ലിസ്റ്റിൽ ബുട്ട ബൊമ്മ ഇടം പിടിക്കുകയും ചെയ്‌തിരുന്നു. ത്രിവിക്രം ശ്രീനിവാസാണ് അല വൈകുണ്ഡപുരമുലു സംവിധാനം ചെയ്‌തത്. തബു, നിവേദ, നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി എന്നിവരും മലയാളത്തിന്‍റെ സ്വന്തം ജയറാമും ഗോവിന്ദ് പത്മസൂര്യയും ചിത്രത്തിൽ മുഖ്യവേഷം അവതരിപ്പിച്ചു.