നാനി നായകനായ തെലുങ്ക് ചിത്രം 'വി' പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്യാൻ ആമസോൺ പ്രൈം വീഡിയോക്ക് ബോംബെ ഹൈക്കോടതിയുടെ നിർദേശം. ചിത്രം 24 മണിക്കൂറിനുള്ളിൽ ആമസോൺ പ്രൈമിൽ നിന്ന് നീക്കം ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്ത്. ചലച്ചിത്രനടി സാക്ഷി മാലിക്കിന്‍റെ ഫോട്ടോ മുൻകൂർ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന പരാതിയെ തുടർന്നാണ് പ്രസ്തുത രംഗം ഒഴിവാക്കുന്നത് വരെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയത്.
മോഹനകൃഷ്ണ ഇന്ദ്രഗന്ധി സംവിധാനം ചെയ്‌ത വിയിൽ തന്‍റെ ഫോട്ടോ നിയമവിരുദ്ധമായി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സാക്ഷി മാലിക് കേസ് ഫയൽ ചെയ്തത്. സിനിമയിൽ തന്‍റെ ഫോട്ടോ അനുമതിയില്ലാതെ ലൈംഗികതൊഴിലാളിയുടെ കഥാപാത്രത്തിനായി ഉപയോഗിച്ചുവെന്നും ഇത് താൻ 2017ൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണെന്നും നടി പറഞ്ഞു. ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും സാക്ഷിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.