ബ്ലസി ചിത്രം ആടുജീവിതത്തിനായുള്ള കഠിനമായ മേക്കോവറിന്‍റെ ഭാഗമായി മുമ്പ് അറിയിച്ചത് പോലെ നടന്‍ പൃഥ്വിരാജ് ഇന്ത്യ വിട്ടു. പൃഥ്വി വിദേശയാത്രക്കായി പുറപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 'കഠിനമായ മേക്കോവറിന്‍റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് മാറി നില്‍ക്കുകയാണ്. തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്, മേക്കോവറിന്‍റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണ്' പ്രേക്ഷകരോടായി പൃഥ്വി പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും പൃഥ്വി എങ്ങോട്ടാണ് പോയതെന്ന് അറിയില്ല.
പറഞ്ഞതുപോലെ... പൃഥ്വിരാജ് രാജ്യം വിട്ടു; ബാക്കി സ്ക്രീനില്‍! - Prithviraj
ബ്ലസി ചിത്രം ആടുജീവിതത്തിലെ കഥാപാത്രത്തിന്‍റെ മേക്കോവറിന് വേണ്ടിയാണ് പൃഥ്വിരാജ് വിദേശത്തേക്ക് പോയത്
സിനിമയുടെ അടുത്ത ഷെഡ്യൂൾ തുടങ്ങുന്നതിന് മുമ്പുള്ള പതിനെട്ട് ദിവസം അൾജീരിയയിൽ ആടുകളും ഒട്ടകങ്ങളും മാത്രം അടങ്ങിയ ഫാം ഹൗസിലായിരിക്കും പൃഥ്വി താമസിക്കുകയെന്ന് മുമ്പ് റിപ്പോർട്ട് ഉണ്ടായിരുന്നു. അതും മരുഭൂമിയാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്ത്. ജോര്‍ദാനിലാണ് അടുത്ത ഷെഡ്യൂൾ തുടങ്ങുന്നത്. മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ജോർദാനിൽ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനുശേഷം ഒരുമാസം അൾജീരിയയിലും. ആടുജീവിതത്തിലെ നജീബാകാന്‍ വേണ്ടി ഏകദേശം 20 കിലോ ഭാരമാണ് പൃഥ്വി കുറച്ചത്. തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ അൽപം ആശങ്കയോടെയാണ് ഏറ്റെടുത്തതും.
ബെന്യാമിന്‍ രചിച്ച ആടുജീവിതം എന്ന നോവലിന്‍റെ ദൃശ്യാവിഷ്ക്കാരമാണ് ബ്ലസിയുടെ ഈ സിനിമ. നോവലിനോട് നീതിപുലര്‍ത്തി സിനിമ ഒരുക്കാനാണ് അണിയറക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. അമലാ പോളാണ് നായിക. നജീബിന്‍റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കെജിഎ ഫിലിംസിന്‍റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മിക്കുന്നത്.