കേരളം

kerala

ETV Bharat / sitara

ഭരതന്‍റെ സ്ത്രീകളും പ്രകൃതിയുടെ നിറങ്ങളും - vaishali

സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നല്‍കിയും പ്രകൃതിയുടെ ഭാവങ്ങളിലൂടെ കഥ പറഞ്ഞും ഭരതൻ മലയാള സിനിമയിലേക്ക് പുതിയൊരു ശൈലി പരിചയപ്പെടുത്തുകയായിരുന്നു.

bharathan second story  ഭരതന്‍റെ സ്ത്രീകൾ  പ്രകൃതിയുടെ നിറങ്ങൾ  സംവിധായകൻ  സ്ത്രീകഥാപാത്രങ്ങൾ  കെപിഎസി ലളിത  Bharathan's woman characters  nature in bharathan films  ഭരതന്‍റെ സ്ത്രീകളും പ്രകൃതിയുടെ നിറങ്ങളും  bharathante sthreekal  kpac lalitha wife  director bharathan  vaishali  chilambu
ഭരതന്‍റെ സ്ത്രീകളും പ്രകൃതിയുടെ നിറങ്ങളും

By

Published : Jul 30, 2020, 11:15 AM IST

Updated : Jul 30, 2020, 2:43 PM IST

കാലം കാത്തുവെച്ച സംവിധായകൻ. സ്ത്രീ സൗന്ദര്യത്തെ മനോഹര ശിൽപമായും ഛായാചിത്രമായും തിരശീലയില്‍ അവതരിപ്പിച്ച സംവിധായകൻ. ലൈംഗികതയ്ക്ക് സിനിമ കല്‍പ്പിച്ചിരുന്ന നിഷേധത്തെ മറനീക്കിയ ദൃശ്യങ്ങൾ മലയാളിക്ക് സമ്മാനിച്ച ഭരതൻ. കഥാ ദൃശ്യങ്ങളെ ആദ്യം കാൻവാസിലേക്കും പിന്നീട് കാമറയിലേക്കും ഭരതൻ മാറ്റിയെഴുതിയപ്പോൾ ആസ്വാദന തലം തന്നെ മാറിയിരുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം നല്‍കിയ മറ്റൊരു സംവിധായകൻ മലയാളത്തില്‍ ഉണ്ടായിട്ടില്ല.

ആരവം, ചമയം, എന്‍റെ ഉപാസന, ചുരം, കേളി, ഒരു മിന്നാമിനുങ്ങിന്‍റെ നുറങ്ങുവെട്ടം, പാഥേയം, ചിലമ്പ്, തകര, രതിനിർവേദം, അമരം, പറങ്കിമല, വൈശാലി.... ഭരതന്‍റെ സ്ത്രീകഥാപാത്ര സിനിമകൾ അവസാനിക്കുന്നില്ല. സൗന്ദര്യം, ലൈംഗികത എന്നിവയെ മനോഹര ഫ്രെയിമുകളിലൂടെ ഭരതൻ പകർത്തിയപ്പോൾ മലയാള സിനിമ പുതിയ ചരിത്രം രേഖപ്പെടുത്തുകയായിരുന്നു. മണ്ണിന്‍റെ ഗന്ധവും വർണവും സിനിമാ ആസ്വാദനത്തെ പൂർണതയിൽ എത്തിച്ചപ്പോൾ ഭരത ചിത്രങ്ങൾ മോഹിക്കാനും മോഹിപ്പിക്കാനും പഠിപ്പിച്ചു. മറ്റ് പലരും പറയാൻ മടിച്ച കഥകളും കഥാപരിസരവും ഭരതൻ മനോഹരമായി പറഞ്ഞുവെച്ചു. ജീവിതയാഥാർത്ഥ്യങ്ങളും മൂടിവച്ച രതിവിചാരങ്ങളെയും അദ്ദേഹം തിരശ്ശീലയിലാക്കി. പാഥേയവും പ്രയാണവും അമരവും വേദന മാത്രം പകർന്നാടിയപ്പോൾ പാളങ്ങളും മർമരവും എന്‍റെ ഉപാസനയും പ്രണയം പറഞ്ഞു. എം.ടിയോടൊപ്പം ചേർന്ന ഭരതൻ പ്രതികാരത്തിന്‍റെ താഴ്‌വാരത്തിലൂടെ പ്രേക്ഷകനെ ഓരോ ഫ്രെയിമിലും ഭയപ്പെടുത്തി. വൈശാലിയിലെത്തുമ്പോൾ പുരാണത്തില്‍ നിന്നുള്ള കഥാതന്തുവില്‍ നിന്ന് സൗന്ദര്യത്തെ ഇത്രയും മനോഹരമായി പറഞ്ഞുവെക്കാൻ ഭരതന് മാത്രമേ കഴയൂ എന്ന് തെളിയിക്കുകയായിരുന്നു.

താഴ്‌വാരം സിനിമയിൽ നിന്നും
ഭരതന്‍റെ ചുരം

അമരത്തില്‍ കടല്‍ കഥാപാത്രമാകുമ്പോൾ കേളിയില്‍ ഭാരതപ്പുഴയും താഴ്‌വാരത്തില്‍ മലയടിവാരവും വൈശാലിയില്‍ കാടും മഴയും കാട്ടുമൃഗങ്ങളും കഥാപാത്രങ്ങളായി, ചുരം തന്നെ സിനിമയായി. തിരയുടെ ഓളവും പുഴയുടെ നാദവും ഭാവങ്ങൾ കൈമാറി. കാറ്റും മഴയും ജീവജാലങ്ങളും കഥയുടെ അവിഭാജ്യ ഘടകങ്ങളായി ഭരതൻ സ്പർശത്തിലൂടെ സിനിമകളുടെ ഭാഗമായി.

കടലിന്‍റെ പശ്ചാത്തലത്തിൽ അമരം

ചിലമ്പിലും പറങ്കിമലയിലും ചമയത്തിലുമൊക്കെ ജീവിതത്തിന്‍റെ ചുവപ്പ് കലർത്തിയ ഛായങ്ങൾ ചാലിച്ചു. ചാമരത്തിലെ സറീന വഹാബിന്‍റെ പച്ച സാരിയും പച്ച തൂകിയ പശ്ചാത്തലവും ഭരതന് മാത്രം സമ്മാനിക്കാൻ കഴിയുന്നതാണ്. ആസ്വാദകന്‍റെ മനസില്‍ സ്ത്രീക്കും പ്രകൃതിക്കും പുതിയ വർണങ്ങൾ ചാലിച്ചാണ് ഭരതൻ കടന്നുപോയത്. ഇനിയും പകർത്താത്ത ഭരത ദൃശ്യങ്ങൾ തന്നെയാണ് അദ്ദേഹത്തിന്‍റെ ഓർമ. ആദ്യചിത്രം പ്രയാണത്തിൽ തന്നെ സംസ്ഥാന സർക്കാരിന്‍റെ മികച്ച സംവിധായകൻ, കലാസംവിധായകൻ അവാർഡുകൾ സ്വന്തമാക്കിയ ഭരതൻ 1979ൽ തകരയിലൂടെ മികച്ച സംവിധായകന്‍റെയും കലാസംവിധാകന്‍റെയും സംസ്ഥാന പുരസ്‌കാരങ്ങൾക്ക് സ്വന്തമാക്കി. തൊട്ടടുത്ത വർഷം ചാമരത്തിലൂടെയും 82ൽ ഓർമ്മയ്ക്കായ് ചിത്രത്തിലൂടെയും വീണ്ടും സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരങ്ങൾ. 1981ൽ ചാട്ട, 84ൽ ഇത്തിരിപ്പൂവേ ചുവന്ന പൂവേ ചിത്രങ്ങളിലൂടെ അദ്ദേഹം മികച്ച കലാസംവിധായകനായി. 1982ലെ മികച്ച ചലച്ചിത്രം മർമ്മരമായിരുന്നു. ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, വെങ്കലം എന്നിവയ്ക്കും ജനപ്രിയ ചിത്രങ്ങൾക്കുള്ള സംസ്ഥാന പുരസ്‌കാരം. തേവർമകനിലൂടെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും ഭരതൻ സ്വന്തമാക്കി.

ഭാര്യയും നടിയുമായ കെപിഎസി ലളിതക്കൊപ്പം

പറങ്കിമല, തകര ചിത്രങ്ങളിലെ നായികമാരുടെ ശബ്‌ദമായും, അമരം, ദേവരാഗം, ആരവം തുടങ്ങി നിരവധി ഭരതൻ ചിത്രങ്ങളിലെ അഭിനയ സാന്നിദ്ധ്യവുമായിരുന്ന കെപിഎസി ലളിതയാണ് സംവിധായകന്‍റെ ജീവിതസഖി. നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയത്തിലെത്തി പിന്നീട് സംവിധായകനായി മാറിയ സിദ്ധാർഥ് ഭരതനും ശ്രീക്കുട്ടിയുമാണ് മക്കൾ.

Last Updated : Jul 30, 2020, 2:43 PM IST

ABOUT THE AUTHOR

...view details