തന്‍റെ ആദ്യ സംവിധാന ചിത്രം 'ഉത്രാടരാത്രി'യെക്കുറിച്ചുള്ള ഓര്‍മകളും ഒപ്പം സിനിമയെ സംബന്ധിച്ച വേദനയും പങ്കുവക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍.
സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു സംവിധായകന്‍റെ വിജയമെന്ന് ജനം പറഞ്ഞ ചിത്രമായിരുന്നു ഉത്രാടരാത്രിയെന്ന് ബാലചന്ദ്രമേനോൻ ഓർമിക്കുന്നു. 1978ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഒരു പതിപ്പ് പോലും ഇന്ന് അവശേഷിക്കുന്നില്ല.
എന്നാൽ തന്‍റെ കടിഞ്ഞൂൽ സൃഷ്ടിയെ പുനരാവിഷ്‌കരിക്കാന്‍ ആലോചിക്കുന്നതായി സംവിധായകൻ പറയുന്നു. ഇതിനായി ഉത്രാടരാത്രി കണ്ടിട്ടുള്ള പ്രേക്ഷകർ ആ ചിത്രത്തെപ്പറ്റിയുള്ള കഥാതന്തു അടക്കം മനസ്സിൽ തോന്നുന്ന കാര്യങ്ങൾ മെയിലിലേക്ക് അയച്ചുതരണമെന്നും ബാലചന്ദ്രമേനോന്‍ ഫേസ്‌ബുക്കിലൂടെ നിർദേശിച്ചു.
ബാലചന്ദ്രമേനോന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്
'ഇന്ന് ജൂലൈ 21..... അതെ. 43 വർഷങ്ങൾക്ക് മുൻപ് 1978ൽ ഇതേ ദിവസം എന്‍റെ ആദ്യ ചിത്രമായ "ഉത്രാടരാത്രി" തിരശ്ശീലയിലെത്തി.... അതിനെപ്പറ്റി പറയുമ്പോൾ എന്‍റെ മനസ്സ് ഒരു തരത്തിൽ സന്തോഷം കൊണ്ട് നിറയുന്നുണ്ട്. ഒപ്പം, ഞാൻ അറിയാതെ തന്നെ പറഞ്ഞറിയിക്കാനാവാത്ത, പരിഹരിക്കാനാവാത്ത ഒരു നൊമ്പരവും എന്‍റെ ഉള്ളിന്‍റെ ഉള്ളിൽ ഉറഞ്ഞു കൂടുന്നു....
സന്തോഷത്തിനു കാരണം..... സാമ്പത്തിക വിജയം നേടി എന്ന് പറയാനാവില്ലെങ്കിലും, ഒരു സംവിധായകന്‍റെ ജനനം എന്ന് പ്രേക്ഷകരും മാധ്യമങ്ങളും ഒരേപോലെ ശ്‌ളാഘിച്ച ചിത്രം എന്ന സൽപ്പേര് ഉത്രാടരാത്രിക്ക് ലഭിച്ചു. എന്തിനധികം പറയുന്നു? 2013ൽ പുറത്തിറങ്ങിയ എന്‍റെ ഇന്നിത് വരെയുള്ള ചിത്രങ്ങളെ വിലയിരുത്തിയ "ഇത്തിരി നേരം ഒത്തിരി കാര്യം" എന്ന പുസ്തകത്തിൽ ഉത്രാടരാത്രിയെ പറ്റി എഴുത്തുകാരി റോസ്‌മേരി കുറിച്ചത് ഇങ്ങനെയാണ്....
Also Read: ജേസണ്‍ സ്റ്റാതമിന്‍റെ 'റാത്ത് ഓഫ് മാൻ' ഒടിടിയിലൂടെ ഇന്ത്യൻ റിലീസിനെത്തുന്നു
"ഉത്രാടരാത്രി ശരിക്കും ശ്രദ്ധിക്കപ്പെട്ടു. 'ഇതാ മലയാളത്തിൽ ഒരു പുതിയ സംവിധായകന്‍റെ രംഗപ്രവേശം' എന്ന് നിരൂപകർ കുറിച്ചിട്ടു. ഒരു നല്ല ചിത്രം എന്ന അംഗീകാരം ലഭിച്ചു. മേനോൻ ചിത്രങ്ങളിൽ എന്നെ ഏറ്റവും ആകർഷിച്ച സിനിമ ഏതെന്നു ചോദിച്ചാൽ ഉത്രാടരാത്രി എന്നു ഞാൻ നിസ്സംശയം പ്രഖ്യാപിക്കും..."