ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ഒരു ബിൽ, രാഷ്ട്രപതി ഒപ്പുവച്ച് നിയമമായി മാറിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സ്വീകരിച്ച നിലപാടിനെ വിമർശിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഈ നിയമത്തെ എതിർക്കുമ്പോൾ ജനാധിപത്യത്തിന്‍റെ പ്രസക്തി എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനെയും അടുത്തടുത്ത സീറ്റുകളില്‍ കണ്ടപ്പോൾ ഈ വിഷയത്തിൽ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ച് ഓർമ വന്നെന്നും ബാലചന്ദ്ര മേനോന്‍ ഫേസ്‌ബുക്കിൽ കുറിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ബാലചന്ദ്ര മേനോന്‍ - Balachandra Menon supports CAA
സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടാക്കിയ പ്രമേയം ജനാധിപത്യ വിരുദ്ധമാണെന്ന് സിനിമാതാരം ബാലചന്ദ്ര മേനോൻ.

"എന്‍റെ കയ്യിലിരുന്ന പത്രത്തിൽ പൗരത്വത്തെ കുറിച്ചുള്ള ഇപ്പോഴത്തെ ചിന്താവിഷയം എന്‍റെ കണ്ണിൽ പെട്ടതും എന്‍റെ മനസ്സ് ഒരു കാരണവുമില്ലാതെ വേണ്ടാത്ത വഴികളിലൂടെ സഞ്ചാരം തുടങ്ങി. ഭരണപക്ഷവും പ്രതിപക്ഷവും തോളോടു തോൾ ചേർന്ന് എതിർക്കുന്ന ബിൽ എന്ന നിലയിൽ ഇപ്പോഴത്തെ സാഹചര്യത്തിന് ഒരു പ്രത്യേകത ഉണ്ട്. അവർ ഒരുമിച്ചു ഈ ബില്ലിനെ എതിർക്കുമ്പോൾ എന്‍റെ മനസ്സിൽ കൂടി കടന്നു പോയ ഒരു ചിന്താധാര നമുക്കൊന്ന് പങ്കിടാം. പാർലമെന്‍ററി ജനാധിപത്യത്തിൽ അധിഷ്‌ഠിതമായ ഒരു ഭരണ സംവിധാനമാണല്ലോ നമ്മുടേത്. അപ്പോൾ ഭൂരിപകഷം കിട്ടുന്നവർ നാട് ഭരിക്കും. ഇന്ത്യയിലെ ഭരണകക്ഷി അവർ ആസ്വദിക്കുന്ന ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ പൗരത്വത്തെ സംബന്ധിച്ച ഒരു ബില്ല് ഭരണഘടന അനുശാസിക്കുന്നതുപോലെ ലോക്സഭയിൽ അവതരിപ്പിച്ചു. പാസ്സായി. നിയമം അനുശാസിക്കുന്നതുപോലെ അടുത്തതായി രാജ്യസഭയിൽ അവതരിപ്പിച്ചു. പാസ്സായി. രണ്ടു സഭകളും പാസാക്കിയ ചുറ്റുപാടിൽ നിയമം അനുശാസിക്കുന്നതുപോലെ രാഷ്ട്രപതിയുടെ കയ്യൊപ്പിനായി അയച്ചു .രാഷ്ട്രപതിയും അംഗീകരിച്ച സ്ഥിതിക്ക് അത് സ്വാഭാവികമായും നിയമമായി," നന്നായി വിശക്കുമ്പോൾ മാത്രം മൃഗങ്ങൾ ഇരകളെ കൊല്ലുന്നതു പോലെ തനിക്ക് പെട്ടെന്ന് തോന്നുമ്പോഴാണ് എഴുത്ത് വരുന്നത് എന്ന ആമുഖത്തോടെ അദ്ദേഹം കുറിച്ചു.
"ഇപ്പോൾ ആ തീരുമാനത്തെ പറ്റി വിയോജനക്കുറിപ്പുകൾ വരുന്നു... നിയമസഭകളിൽ അതിനെതിരായി ശബ്‌ദമുയരുന്നു.. ഭരണഘടന അനുസരിച്ചു ഭരിക്കേണ്ട നമ്മൾ ഇങ്ങനെ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് എത്രത്തോളം അംഗീകരിക്കാനാവും എന്നൊരു സംശയം തോന്നിയാൽ ആരെങ്കിലും ഒരു മറുപടി തരുമോ? അഥവാ, ഇനി നിയമസഭയുടെ നിർബന്ധത്തിനു വഴങ്ങി പാർലിമെന്‍റ് പാസ്സാക്കിയ നിയമം അസാധുവാക്കിയാൽ ലോക്‌സഭയുടെ പ്രസക്തി എന്ത്? രാജ്യസഭയുടെ പ്രസക്തി എന്ത്? രാഷ്ട്രപതിയുടെ ഒപ്പിന്‍റെ പ്രസക്തി എന്ത്? പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ പ്രസക്തി എന്ത്? പ്രതിപക്ഷ നേതാവ് അറിയാതെ നിയമസഭാ സ്പീക്കർ അറിയാതെ എന്‍റെ മനസ്സിൽ തോന്നിയ ഈ നിസ്സാര സംശയത്തിന് ഒരു മറുപടി ആരേലും തന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു...ദാറ്റ്സ് ഓൾ യുവർ ഓണർ," കേരളം പൗരത്വ ഭേദഗതി നിയമത്തോട് കാണിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ബാലചന്ദ്രമേനോൻ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.