മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന ബാലയുടെ വാദത്തിനെതിരെ ഫോൺ കോൾ വിവരങ്ങളും മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും പുറത്തുവിട്ട് അമൃത സുരേഷ് പ്രതികരിച്ചിരുന്നു. സത്യാവസ്ഥ പുറംലോകമറിയാനും ആരോപണങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കാനുമാണ് വിശദീകരണമെന്നും അമൃത ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
More Read: ബാലയുടെ ആരോപണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി അമൃത സുരേഷ്
അമൃത പറയുന്നത് വ്യക്തമായി കേൾക്കാതെ പൊട്ടിത്തെറിക്കുന്ന ബാലയ്‌ക്കെതിരെ തുടർന്ന് വിമർശനം ഉയരുകയും ചെയ്തു. എന്നാൽ താൻ അമ്മയുടെ ആരോഗ്യത്തെ കുറിച്ച് ഓർത്ത് സമ്മർദ്ദത്തിലായിരുന്ന സമയത്താണ് അങ്ങനെ പ്രതികരിച്ചതെന്നും ഒരു കാര്യം വിളിച്ച് അന്വേഷിക്കുമ്പോൾ ഇഴച്ച് ഇഴച്ച് ഉത്തരം മാത്രം പറയാതെ നീട്ടിക്കൊണ്ടുപോയപ്പോൾ പൊട്ടിത്തെറിച്ചതാണെന്നും വിശദീകരണവുമായി ബാല രംഗത്തെത്തി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
ബാലയുടെ വിശദീകരണം
'എല്ലാവരോടും വലിയൊരു നന്ദി പറയുന്നു. എന്നെ സ്നേഹിക്കുന്ന എല്ലാവരും ആത്മാർഥമായി പ്രാർഥിച്ചു. അമ്മ സുഖമായി വരുന്നു. ഇപ്പോൾ ഞാൻ ചെന്നൈയിൽ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസമായി എന്‍റെ മനസ് എനിക്കൊപ്പമില്ല. അമ്മയ്ക്ക് സീരിയസായിരുന്നു. ദൈവത്തിന്‍റെ സഹായത്താൽ ഇവിടം വരെ എത്തി. നല്ല ടെൻഷനിലായിരുന്നു. നമ്മളെ ഒരുപാട് സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും വരുമ്പോൾ, നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാലുള്ള വിഷമം. ഇത് രണ്ടും ഞാൻ അനുഭവിച്ചിരുന്നു.
സ്നേഹം കൊണ്ട് ഒരാൾ വിളിക്കുമ്പോൾ അത് ഇഴച്ച് ഇഴച്ച് ഉത്തരം മാത്രം പറയാതെ നീട്ടിക്കൊണ്ടുപോകുകയാണ്. നമ്മൾ അപ്പോൾ മറ്റൊരു മാനസികാ വസ്ഥയിലായിരിക്കും. സ്വന്തം അമ്മ അസുഖമായി കിടക്കുന്ന സാഹചര്യം, മനസ് ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അതിനൊരു ഉത്തരം കിട്ടിയാൽ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ഞാന്‍ വെളിപ്പെടുത്തുന്നില്ല'.
നമ്മൾ വളരെ സ്നേഹത്തിൽ ഒരാളെ ഫോൺ വിളിച്ച് ചോദിക്കുമ്പോൾ അതിന്‍റെ ഉത്തരം വ്യക്തമായി പറയേണ്ടതല്ലേയെന്നും അതിനിടെ മാധ്യമങ്ങളിലൂടെ സംസാരിക്കാനോ പബ്ലിസിറ്റിക്കോ പോവേണ്ട ആവശ്യമില്ലായിരുന്നുവെന്നും ബാല വീഡിയോയിൽ പറഞ്ഞു. നടനെ പിന്തുണച്ചും അമ്മയ്ക്ക് രോഗം ഭേദമാകട്ടെയെന്നും ആരാധകർ കമന്‍റ് ചെയ്തു. എന്നാൽ, അമൃത വിളിച്ചപ്പോൾ ഫോൺ കോൾ എടുക്കാതിരുന്നതും പിന്നീട് മോശമായ രീതിയിൽ സംസാരിച്ചതും നല്ലതല്ലെന്ന് ബാലയുടെ വീഡിയോയ്ക്ക് കീഴില്‍ കുറച്ചുപേർ മറുപടി നൽകി.