എറണാകുളം:ടിനി ടോം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് വിമർശനം. അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്ത ചിത്രത്തിനാണ് മോശമായ പ്രതികരണങ്ങള്‍ ലഭിച്ചത് . അമ്മ നട്ടെല്ലില്ലാത്ത സംഘടനയാണെന്നും വെള്ളിയാഴ്ച നടന്നത് കോമഡി സ്റ്റാഴ്‌സ് മീറ്റിങാണെന്നുമൊക്കെയാണ് കമന്‍റുകൾ.
വെള്ളിയാഴ്ച്ച കൊച്ചി ഹോളിഡെ ഇന്നിൽ വെച്ചായിരുന്നു എട്ട് പേരടങ്ങുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നത്. ഇതിൽ ടിനിടോം, ബാബുരാജ്, മോഹൻലാൽ, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നീ അംഗങ്ങൾ പങ്കെടുത്തു. പ്രധാന വിഷയങ്ങളിൽ സംഘടന എടുത്ത നടപടികളോടുള്ള അഭിപ്രായങ്ങളാണ് പ്രതിഷേധമായി കമന്‍റിൽ നിറയുന്നത്.
ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപണമിടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്തകണമെന്ന പലരുടെയും ആവശ്യത്തിന് യോഗത്തിൽ തീരുമാനമായില്ല, പകരം ബിനീഷ് കോടിയേരിയോട് വിശദീകരണം ചോദിക്കാനാണ് സംഘടന തീരുമാനം എടുത്തത്. ഈ വിഷയത്തിൽ മോഹൻലാലിന്‍റേത് നട്ടല്ലില്ലാത്ത സമീപനമാണെന്നും നിലപാടില്ലാത്ത മമ്മൂട്ടി സൂത്രശാലിയാണെന്നും കമന്‍റുകള്‍ വന്നിട്ടുണ്ട്. അതേസമയം ഇന്നലെ നടന്ന യോഗത്തിൽ നടി പാർവതിയുടെ രാജി സംഘടന അംഗീകരിച്ചു. പാർവതിയുടെ രാജിക്കത്തിൽ പുനപരിശോധന വേണമെന്ന ബാബുരാജിന്‍റെ ആവശ്യത്തോട് അംഗങ്ങളില്‍ പലരും വിയോജിപ്പ് പ്രകടിപ്പിച്ചു.