ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ വിസ്മയമായ സിനിമയായിരുന്നു എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി. സിനിമാപ്രേമികള്‍ക്ക് ഇതുവരെ അനുഭവിക്കാത്തൊരു ദൃശ്യവിസ്മയമായിരുന്നു ബാഹുബലി സീരിസില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങളും.
2017 ഏപ്രിലിലാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തിയത്. ചിത്രം തീയേറ്ററുകളിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുകയാണ് ചിത്രം. കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ക്ക് വിസ്മയമായി ലണ്ടന്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ ബാഹുബലി ദി ബിഗിനിങിന്‍റെ ലൈവ് പ്രദര്‍ശനം നടന്നു. സിനിമയുടെ പ്രദര്‍ശനത്തിനൊപ്പം തത്സമയം അതിന്‍റെ പശ്ചാത്തലസംഗീതം കലാകാരന്മാര്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ബാഹുബലിക്ക് എം.എം കീരവാണി നല്‍കിയ പശ്ചാത്തലസംഗീതം റോയല്‍ ഫില്‍ഹാര്‍മണിക് കണ്‍സെര്‍ട്ട് ഓര്‍ക്കസ്ട്രയാണ് വീണ്ടും തത്സമയം അവതരിപ്പിച്ചത്.
ആ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയും നടന്‍ പ്രഭാസും, റാണ ദഗ്ഗുബട്ടിയും, അനുഷ്‌ക ഷെട്ടിയുമെല്ലാം എത്തിയിരുന്നു. ബാഹുബലിയുടെ ഈ അപൂര്‍വ്വ പ്രദര്‍ശനം കാണാന്‍ നിരവധി ബ്രിട്ടണിലെ നിരവധി ഇന്ത്യക്കാരും റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ എത്തിയിരുന്നു. ചിത്രം ഒന്നിലധികം തവണ കണ്ടവരായിരുന്നു പ്രദര്‍ശനം കാണാന്‍ എത്തിയവരില്‍ പലരും. ആ ദൃശ്യവിസ്മയത്തിന്‍റെ ലൈവ് പ്രദര്‍ശനം അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ആസ്വദിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് പലരും.
400 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ബാഹുബലി സിരീസിന്‍റെ ആഗോള കളക്ഷന്‍ 1800 കോടി ആയിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വലിയ വിജയമായിരുന്നു. റോയല്‍ ആല്‍ബര്‍ട്ട് ഹാളിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ചിത്രം ലൈവായി പ്രദര്‍ശിപ്പിക്കുന്നത്.