അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി നിത്യ മേനോൻ. സിനിമയിൽ നിത്യ മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.
നിത്യ ജോയിൻ ചെയ്ത വിവരം അറിയിച്ചുകൊണ്ട് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചു. എന്നാൽ നിത്യയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ട് ദിവസം മുമ്പ് ചിത്രത്തിന്‍റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിരുന്നു.
പവൻ കല്യാൺ, റാണ ദഗുബാട്ടി എന്നിവരാണ് ചിത്രത്തിൽ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജു മേനോന്‍റെ അയ്യപ്പൻ നായർ എന്ന കഥാപാത്രം ഭീംല നായക് എന്ന പേരിലാണ് പവൻ കല്യാൺ അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Also Read: ഭീംല നായക് ; 'അയ്യപ്പന്‍ നായരാ'യി പവന്‍ കല്യാണിന്‍റെ ഫസ്റ്റ് ലുക്ക്
ഹൈദരാബാദിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് പുനരാരംഭിച്ചു. സാഗർ.കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് അലവൈകുണ്‌ഠപുരമുലു എന്ന അല്ലു അർജുൻ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ത്രിവിക്രമാണ്. എസ്.തമൻ സംഗീതം ഒരുക്കുന്ന ചിത്രം സിതാര എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ നാഗ വംശി നിർമിക്കും.