ധനുഷ്- വെട്രിമാരൻ കൂട്ടുകെട്ടിലൊരുങ്ങി, 2019ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് അസുരൻ. തിയേറ്ററിലും പിന്നീട് ഒടിടി റിലീസിലും മികച്ച വിജയമായ അസുരനായിരുന്നു ദേശീയ അവാർഡിൽ മികച്ച തമിഴ് ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടത്. ധനുഷിന് മികച്ച നടനുള്ള ദേശീയ അവാർഡിനും ചിത്രം വഴിയൊരുക്കിയിരുന്നു.
ധനുഷ്- മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിനായും ആരാധകർ കാത്തിരിക്കുകയാണ്. വെങ്കടേഷിനെ നായകനാക്കി ശ്രീകാന്ത് അഡല സംവിധാനം ചെയ്യുന്ന നരപ്പയിലെ ട്രെയിലര്‍ പുറത്തുവിട്ടു.
അസുരനില്‍ മഞ്‍ജു വാര്യര്‍ അവതരിപ്പിച്ച പച്ചയമ്മാളുടെ വേഷം തെന്നിന്ത്യൻ നടി പ്രിയ മണിയാണ് ചെയ്യുന്നത്. ധനുഷിനെ പോലെ വെങ്കടേഷും നരപ്പയിൽ മികവുറ്റ പ്രകടനം കാഴ്‌ച വക്കുന്നതായി ട്രെയിലറിൽ കാണാം.
More Read: അസുരൻ തെലുങ്ക് റീമേക്ക് ആമസോണിൽ; 'നരപ്പ' റിലീസ് തിയതി പുറത്തുവിട്ടു
മണി ശര്‍മയാണ് തെലുങ്ക് റീമേക്കിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുരേഷ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ഡി. സുരേഷ് ബാബുവും കലൈപ്പുലി എസ്. തനുവും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിയേറ്ററുകൾ തുറക്കാത്ത പശ്ചാത്തലത്തിൽ ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ജൂലൈ 20ന് ആമസോണ്‍ പ്രൈമിലൂടെ നരപ്പ പ്രദർശനത്തിനെത്തും.