78-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്‌കാരത്തിലേക്ക് തമിഴിൽ നിന്ന് രണ്ട് ചിത്രങ്ങൾ. വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ടിൽ പിറന്ന അസുരൻ എന്ന ചിത്രവും സുധാ കൊങ്ങര സൂര്യയെ നായകനാക്കി ഒരുക്കിയ സൂരരൈ പൊട്രുമാണ് അടുത്ത മാസം നടക്കുന്ന ഗോൾഡൻ ഗ്ലോബ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
2021 ജനുവരിയിൽ ലോസ് ഏഞ്ചൽസിൽ വച്ചാണ് പുരസ്‌കാരചടങ്ങ്. ചലച്ചിത്ര- ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിന് ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോള്‍ഡൻ ഗ്ലോബ് പുരസ്‌കാരം.
വട ചെന്നൈക്ക് ശേഷം ധനുഷും സംവിധായകനും വീണ്ടുമൊന്നിച്ച അസുരൻ 2019ലാണ് റിലീസ് ചെയ്‌തത്. വെട്രിമാരൻ സ്‌റ്റൈലിലുള്ള മേക്കിങ്ങും ചിത്രത്തിന്‍റെ പ്രമേയവും നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും അസുരന് നേടിക്കൊടുത്തു. മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്.
അടുത്തിടെ ഒടിടി റിലീസ് ചെയ്‌ത സൂര്യ, അപർണ ബാലമുരളി, ഉർവശി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂരരൈ പൊട്രിന് തെന്നിന്ത്യയിലും ഹിന്ദി സിനിമാലോകത്തും വരെ പ്രേക്ഷകരുണ്ടായിരുന്നു. മുൻ എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയനിരയും അവതരണവും വലിയ പ്രശംസ നേടിയിട്ടുണ്ട്.
ഗോള്‍ഡൻ ഗ്ലോബിൽ വിദേശ ചിത്രത്തിന്‍റെ വിഭാഗത്തിലേക്കാണ് അസുരനും സൂരരൈ പൊട്രും മത്സരിക്കുന്നത്.