'എന്നാ പിന്നെ അനുഭവിച്ചോ', ഭർതൃവീട്ടിലെ പീഡനത്തെ കുറിച്ച് പരാതിപ്പെട്ട യുവതിയോട് വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ നൽകിയ മോശം മറുപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സംവിധായകൻ ആഷിഖ് അബു, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങിയവരും രൂക്ഷമായ വിമര്‍ശനമാണുന്നയിച്ചത്.
ആഷിഖ് അബുവിന്‍റെ വിമർശനം
ക്രൂരയായ ജയിൽ വാർഡനെ പോലെയാണ് വനിത കമ്മിഷൻ പ്രതികരിച്ചതെന്നും പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് ജോസഫൈൻ സ്ഥാനമൊഴിയണമെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.
'വനിത കമ്മിഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം'- ആഷിഖ് അബു കുറിച്ചു.
വനിത കമ്മിഷനെതിരെ ബെന്യാമിൻ
മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത ഈ അമ്മായിയമ്മയാണോ കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതെന്ന് സാഹിത്യകാരൻ ബെന്യാമിൻ ചോദിച്ചു.
'ആരോടുള്ള കലിപ്പ് തീർക്കാൻ ആണ് 'ശ്രീമതി വനിത കമ്മിഷൻ' പരാതി കേൾക്കാനിരിക്കുന്നത്? മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത ഈ അമ്മായിയമ്മയാണോ കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നത്?'- ബെന്യാമിൻ കുറിച്ചു.
പരാതിക്കാരിയെ അപമാനിച്ച ജോസഫൈന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. ആശ അരവിന്ദ്, സാധിക വേണുഗോപാൽ തുടങ്ങിയ താരങ്ങളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
More Read:'പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട', പരാതിക്കാരിയോട് കയര്‍ത്ത് വനിത കമ്മിഷന്‍ അധ്യക്ഷ
ജോസഫൈൻ പരാതിക്കാരിയോട് കയർത്ത് സംസാരിക്കുന്ന വീഡിയോ അനുകരിച്ചാണ് ആശ അരവിന്ദ് വിമർശനമറിയിച്ചത്. ഇവരോടൊക്കെ പരാതി പറയുന്നതിലും നല്ലത് മരണമാണെന്ന് സംവിധായകൻ അനുരാജ് മനോഹറും വ്യക്തമാക്കി.