സാർപട്ടായിലെ കബിലനും രംഗൻ വാദ്യാരും സിനിമാപ്രേമികൾക്ക് വളരെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എഴുപതുകളിൽ വടക്കൻ ചെന്നൈയിൽ നിലനിന്നിരുന്ന ബോക്‌സിങ് പാരമ്പര്യത്തെ പശ്ചാത്തലമാക്കി ഒരുക്കിയ സാർപട്ടാ പരമ്പരൈയിലെ ഒരോ കഥാപാത്രങ്ങൾക്കും പാ രഞ്ജിത്ത് വ്യക്തതയും പൂർണതയും നല്‍കിയിരുന്നു.
സാർപട്ടാ പരമ്പരൈ എന്ന ബോക്‌സിങ് ക്ലബ്ബിന്‍റെ ആശാൻ രംഗൻ വാദ്യാരായി വേഷമിട്ടത് തെന്നിന്ത്യൻ നടൻ പശുപതിയാണ്. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച കഥാപാത്രമായിരുന്നു ഇത്.
ഇപ്പോൾ പശുപതി ട്വിറ്ററിൽ ആദ്യമായി ഒരു അക്കൗണ്ട് തുറന്നതിന് ശേഷം, കബിലനായ ആര്യ തന്‍റെ വാദ്യാരെ സ്വാഗതം ചെയ്‌തുകൊണ്ട് പങ്കുവച്ച രസകരമായ ട്വീറ്റ് വൈറലാവുകയാണ്.
വാദ്യാർക്ക് ട്വിറ്ററിലേക്ക് വഴികാട്ടി കബിലൻ
സാർപട്ടാ ചിത്രത്തിൽ കബിലന്‍റെ സൈക്കിളിന് പിന്നിൽ കയറി യാത്ര ചെയ്യുന്ന പശുപതിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആര്യയുടെ സ്വാഗതക്കുറിപ്പ്.
'വാദ്യാരേ ഇതാണ് ട്വിറ്റർ വാദ്യാരേ. ബോക്‌സിങ്ങിനേക്കാൾ വലിയ രക്തക്കളമാണ് ഇവിടം. നിങ്ങളുടെ പേരിൽ ഇവിടെ ഒരുപാട് പേർ ഉണ്ടെന്നറിഞ്ഞിട്ടും ഒറിജിനൽ ഞാനാണെടാ എന്ന് പറഞ്ഞ് ഇതിനകത്തേക്ക് വന്നത് കണ്ടോ.
നിങ്ങളുടെ മനസൊരു മനസാണ്. വാ വാദ്യാരേ, ഈ ലോകത്തിനുള്ളിലേക്ക് പോകാം...' എന്ന് കുറിച്ചുകൊണ്ട് പശുപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആരാധകർക്കായി പരിചയപ്പെടുത്തുക കൂടിയാണ് ആര്യ.
Also Read: ആര്യയുടെ പേരിൽ 'ഒരു വടക്കൻ സെൽഫി തട്ടിപ്പ്' ; ആൾമാറാട്ട പ്രതികൾ ചെന്നൈയിൽ പിടിയിൽ
ആര്യയുടെ രസകരമായ ട്വീറ്റ് സംവിധായകൻ പാ രഞ്ജിത്ത്, വേമ്പുലിയായി വേഷമിട്ട ജോൺ കൊക്കെൻ ഉൾപ്പെടെയുള്ളവർ പങ്കുവച്ചിട്ടുമുണ്ട്.
രംഗൻ വാദ്യാരെ പുകഴ്‌ത്തിക്കൊണ്ട് സൈക്കിൾ ചവിട്ടുന്ന ആര്യയുടെ രംഗം ഇതിനകം ട്രോളുകൾക്കായും നിരവധി തവണ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇതേ രംഗം ആര്യ തന്നെ ഒരു ട്രോൾ രീതിയിൽ ഉപയോഗിച്ചതോടെയാണ് സഹപ്രവർത്തകരും ആരാധകരുമടക്കം ട്വീറ്റ് ഏറ്റെടുത്തത്.