2019ല്‍ തീയേറ്ററുകളിലെത്തിയ റിയലിസ്റ്റിക്ക് സിനിമകളില്‍ ഏറ്റവും കൂടുതല്‍ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു റൊമാന്‍റിക് ത്രില്ലര്‍ ഗണത്തില്‍ അനുരാജ് മനോഹര്‍ ഒരുക്കിയ ഇഷ്ക്ക്. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തമിഴില്‍ റീമേക്കിനൊരുങ്ങുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സന്തോഷം കൂടി പങ്കുവെക്കുകയാണ് സംവിധായകന്‍ അനുരാജ് മനോഹര്‍. ചിത്രം ബോളിവുഡിലേക്ക് പോവുകയാണ്. ഹിന്ദിയിലും വൈകാതെ ചിത്രം റിമേക്ക് ചെയ്ത് എത്തുമെന്നാണ് വാര്‍ത്ത. നീരജ് പാണ്ഡെയാണ് ഇഷ്‍ക് ഹിന്ദിയിലേക്ക് എത്തിക്കുന്നത്.
ഇഷ്ക് ബോളിവുഡിലേക്ക്...; സന്തോഷം പങ്കുവെച്ച് അനുരാജ് മനോഹര്‍ - ishq
നീരജ് പാണ്ഡെയാണ് ഇഷ്‍ക് ഹിന്ദിയിലേക്ക് എത്തിക്കുന്നത്
രതീഷ് രവിയുടെ തിരക്കഥയിലായിരുന്നു അനുരാജ് മനോഹര്‍ ഇഷ്‍ക് സംവിധാനം ചെയ്‍തത്. അനുരാജ് മനോഹറും രതീഷ് രവിയും ഇഷ്‍കിന്‍റെ റീമേക്ക് സംബന്ധിച്ച് നീരജ് പാണ്ഡെയുമായി ചര്‍ച്ച നടത്തി. ഇത് അറിയിച്ചുകൊണ്ട് നീരജ് പാണ്ഡെക്കൊപ്പമുള്ള ചിത്രവും അനുരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തില്‍ സിദ്ദ് ശ്രീറാം പാടിയ ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ഗാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകും. പ്രമേയം സംബന്ധിച്ചും മാറ്റങ്ങളുണ്ടാകുമെന്നാണ് വാര്‍ത്ത. ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പങ്കെടുത്തിട്ടുണ്ട്. ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മിച്ചത്.