ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മരക്കാര്‍ : അറബിക്കടലിന്‍റെ സിംഹം. കൊവിഡ് സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് പലവട്ടം മാറ്റിവച്ചിരുന്നു. ഒടിടികളെ പരിഗണിക്കുന്നില്ലെന്നും തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യൂവെന്നും ഉടമകളും അണിയറപ്രവര്‍ത്തകരും പലകുറി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വീണ്ടും ഒടിടി റിലീസ് സാധ്യതകള്‍ ചര്‍ച്ചയാവുകയാണ്. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്നും ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നുമാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞത്.
മരക്കാറിന് ലഭിച്ച മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വീകരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.'മരയ്ക്കാര്‍ സിനിമയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോഴും ഒടുവില്‍ പൂര്‍ത്തിയായപ്പോഴും തിയേറ്റര്‍ റിലീസ് മാത്രമാണ് ആലോചിച്ചിരുന്നത്. അതിനായാണ് കാത്തിരുന്നത്.
Also Read:ഫ്രൻഡ്സിലെ ഗെന്‍തറിന് വിട.... ആദരാഞ്ജലിയുമായി ചലച്ചിത്ര ലോകം
എന്ത് ചെയ്യണമെന്ന ആശങ്കയിലാണിപ്പോള്‍. നിലവില്‍ 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ല. ഇതൊരു വലിയ സിനിമയാണ്. ഇനിയും റിലീസ് നീട്ടിക്കൊണ്ടുപോകാനുമാകില്ല.
തിയേറ്ററിലും ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്നത് പരിഗണനയിലില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റ് വഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും.' -ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
മോഹന്‍ലാലിനെ കൂടാതെ മധു, പ്രഭു, അര്‍ജുന്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സുനില്‍ ഷെട്ടി, സുഹാസിനി, ഫാസില്‍, സിദ്ദിഖ്, ഇന്നസെന്‍റ് തുടങ്ങി നീണ്ട നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
പ്രിയദര്‍ശനും, അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം എസ്.തിരുനാവുകരസുവും എഡിറ്റിങ് അയ്യപ്പന്‍ നായര്‍ എം.എസും, സംഘട്ടനം ത്യാഗരാജന്‍, കസു നെഡ എന്നിവര്‍ ചേര്‍ന്നും നിര്‍വഹിക്കുന്നു.