"ഓരോ മഴ പെയ്തു തോരുമ്പോഴും
എന്‍റെ ഓര്‍മയില്‍ വേദനയാകുമാ
ഗദ്ഗദം.. ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ശില പോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതം
യുഗ പൌരുഷത്തിന്‍റെ ചരണ സംസ്പര്‍ശത്താല്‍
"ഓരോ മഴ പെയ്തു തോരുമ്പോഴും
എന്‍റെ ഓര്‍മയില്‍ വേദനയാകുമാ
ഗദ്ഗദം.. ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍..
ശില പോല്‍ തറഞ്ഞു കിടന്നൊരെന്‍ ജീവിതം
യുഗ പൌരുഷത്തിന്‍റെ ചരണ സംസ്പര്‍ശത്താല്‍
തരളിതമാക്കിയ പ്രണയമേ.."
ആലപ്പുഴ:ഒരു നോക്കു കാണാനാവാതെ പ്രിയപ്പെട്ടവർ പനച്ചൂരാനെ യാത്രയാക്കി. പ്രണയവും വിപ്ലവവും മഴയിൽ കലർത്തി പാടിയ കവി ഹൃദയത്തെ യാത്രയാക്കാൻ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട മഴയുമെത്തി. ആസ്വാദകന്‍റെ ഹൃദയത്തിലേക്ക് വരികൾ കൊത്തിവെച്ച അക്ഷരങ്ങളുടെ തച്ചൻ ഇനി ഓർമ.
കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‍റെ സംസ്‌കാര ചടങ്ങുകൾ നടത്തി. ബൗദ്ധിക ശരീരം അഗ്നിനാളങ്ങൾ കവർന്നെടുക്കുന്നത് കാണാതെ ഒരു ജനതയാകെ കണ്ണീരോടെയാണ് അദ്ദേഹത്തിന് വിട നൽകിയത്. കൊവിഡ് ബാധിച്ചിരുന്നതിനാല്‍ തന്നെ കർശന നിയന്ത്രണങ്ങളോടെയായിരുന്നു മൃതദേഹം സംസ്കരിച്ചത്. പിപിഇ കിറ്റ് ധരിച്ച് മതാചാരപ്രകാരം അന്ത്യകർമങ്ങൾ നടത്തി.
അനിലിന്‍റെ മകൻ അരുൾ ക്വാറന്‍റൈനിലായതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ അച്ഛന്‍റെ അനുജന്‍റെ മകനാണ് ചിതയിലേക്ക് തീ പകർന്നത്. അനിലിന്‍റെ അമ്മ ദ്രൗപതിക്കും ഭാര്യ മായയ്ക്കും മക്കൾക്കും അദ്ദേഹത്തെ അവസാനമായി കാണാനോ അന്ത്യചുംബനം നൽകാനോ കഴിഞ്ഞില്ല. സംസ്കാര ചടങ്ങുകൾക്ക് മുൻപായി വീട്ടിലും പരിസരത്തും അണുനശീകരണം നടത്തിയിരുന്നു. സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ മഴപെയ്യുന്നുണ്ടായിരുന്നു. ഇത് സംസ്കാര ചടങ്ങുകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നതിനാല്‍ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തി വേഗം സംസ്‌കരിക്കുകയായിരുന്നു.
പൊതുദർശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. വീടിന് സമീപം ഒരുക്കിയ അനിലിന്‍റെ ചിത്രത്തിന് മുൻപിൽ പുഷ്‌പാഞ്ജലി അർപ്പിച്ച് കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം നാട്ടുകാരും പങ്കുചേർന്നു. കൊവിഡിൽ പ്രിയപ്പെട്ട കവിയെ അവസാനമായി ഒരു നോക്കെങ്കിലും കാണാൻ കഴിയാത്തതിന്‍റെ വിങ്ങലിലാണ് കായംകുളം ഗോവിന്ദമുട്ടം ദേശം.