"ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ," അതെ മരിക്കുവോളം തന്‍റെ പ്രിയപ്പെട്ട സച്ചിയെയാണ് അനിൽ നെടുമങ്ങാട് കവർഫോട്ടായാക്കി സൂക്ഷിച്ചത്. പക്ഷേ, അതിത്രയും പെട്ടെന്ന്… ഇന്ന് സംവിധായകൻ സച്ചിയുടെ ജന്മദിനത്തിൽ അനിൽ നെടുമങ്ങാട് കുറിച്ച വാക്കുകൾ അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയ ആരാധരെ കൂടുതൽ വേദനിപ്പിക്കുകയാണ്.
അനിൽ നെടുമങ്ങാട്…. ഒരുപക്ഷേ ഈ പേരിനേക്കാൾ മലയാളിക്ക് പരിചയം അയാളുടെ കഥാപാത്രങ്ങളെയായിരിക്കാം. "കണ്ടറിയണം കോശി നിനക്കിനി എന്താ സംഭവിക്കുന്നതെന്ന്?" അയ്യപ്പനും കോശിയും കണ്ടിറങ്ങിയവർ മുണ്ടൂർ മാടന്‍റേയോ കോശി കുര്യന്‍റെയോ ഡയലോഗുകളേക്കാൾ സിഐ സതീഷിന്‍റെ ഡയലോഗുകളും രംഗങ്ങളും തന്നെയായിരിക്കും ആവർത്തിച്ച് പറഞ്ഞതും ആസ്വദിച്ചതും. അയാൾ കടന്നുവരുന്ന ഓരോ രംഗങ്ങളും കലാകാരൻ അയാളുടേത് മാത്രമാക്കി, പ്രേക്ഷകനിൽ നിറഞ്ഞു നിന്നു.
ആ മുഖവും പക്വതയേറിയ കഥാപാത്രങ്ങളും അങ്ങനെയൊന്നും മലയാളിയുടെ മനസിൽ നിന്ന് ഇറങ്ങിപ്പോകില്ല. കമ്മട്ടിപ്പാടത്തിലും ഞാൻ സ്റ്റീവ് ലോപ്പസിലും കിസ്‌മത്തിലും പൊറിഞ്ചു മറിയം ജോസിലും… അങ്ങനെ മലയാള സിനിമയിലെ പുതിയ മുഖമായി വളരുകയായിരുന്നു അനിൽ നെടുമങ്ങാട്.
1972 മെയ് 30ന് നെടുമങ്ങാട് ജനനം. തിരുവനന്തരപുരം മഞ്ച സ്‌കൂളിലും എംജി കോളജിലും തൃശൂർ ഡ്രാമ സ്‌കൂളിലുമായി വിദ്യാഭ്യാസം. സിനിമയിലെത്തുന്നതിന് മുമ്പ് പ്രമുഖ മലയാളം ചാനലുകളിൽ അവതാരകനായി പ്രവർത്തിച്ചു. വർഷങ്ങൾക്ക് മുൻപ് തസ്‌കരവീരൻ ചിത്രത്തിലൂടെ സിനിമയിലേക്ക് തുടക്കം. 2014ലിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് ചിത്രത്തിലൂടെ ശ്രദ്ധ നേടി.
കമ്മട്ടിപ്പാടം, സമർപ്പണം, അയാൾ ശശി, കല്യാണം, പാവാട, പരോൾ, നോൺസെൻസ് തുടങ്ങി നിരവധി മലയാളം ചിത്രങ്ങൾ. പൊറിഞ്ചു മറിയം ജോസിലെ കുരിയനെയും കമ്മട്ടിപ്പാടത്തിലെ വില്ലൻ സുരേന്ദ്രനെയും ഞാൻ സ്റ്റീവ് ലോപ്പസിലെ ഫ്രഡ്ഡി കൊച്ചാച്ചനെയും അയ്യപ്പനും കോശിയും ചിത്രത്തിലെ എസ്ഐ സതീഷിനെയും…. അനിൽ നെടുമങ്ങാട് അവിസ്‌മരണീയമാക്കുകയായിരുന്നു.
ഇന്ദ്രജിത്തിനൊപ്പം അനുരാധ ക്രൈം നമ്പര്‍.59/2019ലും ജോജു ജോർജിനൊപ്പവും അങ്ങനെ മലയാളത്തിൽ പുതിയതായി തയ്യാറെടുക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും അനിൽ ഭാഗമായിരുന്നു. എന്നാൽ, അവയെല്ലാം ബാക്കിവച്ച് ഇന്ന് മരണത്തിനൊപ്പം അയാൾ ഇറങ്ങിപ്പോയി. തന്‍റെ പ്രിയസുഹൃത്ത് സച്ചിയേട്ടന്‍റെ ജന്മദിനത്തിൽ തന്നെ.
"ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്‍റേതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്‍റ് എന്‍റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു," സച്ചിക്കായി അനിൽ കുറിച്ച വാക്കുകൾ.