അഭ്രപാളികളില്‍ സൗന്ദര്യത്തിന്‍റെയും അഭിനയത്തിന്‍റെയും മാസ്‌മരികത നിറച്ച കലാകാരി സില്‍ക്ക് സ്‌മിതയുടെ ജീവിതം പ്രമേയമാക്കി പുതിയ സിനിമ തമിഴില്‍ ഒരുങ്ങുകയാണ്. കെ.എസ് മണികണ്‌ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അവള്‍ അപ്പടിതാന്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡില്‍ 2011ല്‍ സില്‍ക്കിന്‍റെ ജീവിതം പ്രമേയമാക്കി ദി ഡേര്‍ട്ടി പിക്ച്ചര്‍ എന്ന പേരില്‍ ഒരു സിനിമ റിലീസ് ചെയ്‌തിരുന്നു. വിദ്യാ ബാലനായിരുന്നു സില്‍ക്കായി വെള്ളിത്തിരയില്‍ എത്തിയത്.
സില്‍ക്ക് സ്‌മിതയാകാന്‍ ഒരുങ്ങി അനസൂയ ഭരദ്വാജ് - സില്‍ക്ക് സ്‌മിത
കെ.എസ് മണികണ്‌ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അവള്‍ അപ്പടിതാന്‍' എന്നാണ് പേരിട്ടിരിക്കുന്നത്

തമിഴില്‍ ഒരുങ്ങുന്ന ബയോപിക്കില്‍ സില്‍ക്ക് ആയി തെലുങ്ക് താരം അനസൂയ ഭരദ്വാജ് വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. രാം ചരണിന്‍റെ രംഗസ്ഥലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ. സില്‍ക്ക് സ്മിതയുടെ ഒരു ഫോട്ടോ റീക്രിയേറ്റ് ചെയ്‌ത് പങ്കുവെച്ചുകൊണ്ടാണ് സില്‍ക്കായി വേഷമിടാന്‍ ഒരുങ്ങുന്നതിന്‍റെ സൂചനകള്‍ അനസൂയ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. സില്‍ക്ക് സ്‍മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകളും മരണവുമെല്ലാം പ്രതിപാദിക്കുന്ന ചിത്രമായിരിക്കും അവള്‍ അപ്പടിതാന്‍.
ഗായത്രി ഫിലിംസിന്‍റെ ബാനറില്‍ ചിത്ര ലക്ഷ്മണനും മുരളി സിനി ആർട്‌സിന്‍റെ ബാനറില്‍ മുരളിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക. ഒരു നിര്‍ധന കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മി എന്ന സിൽക്ക് സ്മിതയെ കടുത്ത ദാരിദ്ര്യമാണ് സിനിമയിലേക്ക് എത്തിച്ചത്. 16 വർഷത്തെ അഭിനയ ജീവിതത്തിൽ തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി 450ല്‍ അധികം സിനിമകളിലാണ് സ്മിത അഭിനയിച്ചത്.