ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ജെല്ലിക്കെട്ടിലൂടെ ഒരു മലയാള സിനിമ ഓസ്‌കര്‍ പ്രവേശനം നേടിയിരിക്കുകയാണ്. ഇന്ത്യക്കാരായ സിനിമാപ്രേമികളെല്ലാം ജെല്ലിക്കെട്ടിലൂടെ ഓസ്‌കര്‍ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ്. ജെല്ലിക്കെട്ടിന്‍റെ ഓസ്‌കര്‍ എന്‍ട്രിയില്‍ സന്തോഷം പ്രകടിപ്പിച്ച് സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ഡയറി കോര്‍പ്പറേറ്റീവ് സൊസൈറ്റിയായ അമൂല്‍.
'അമൂല്‍ ടോപ്പിക്കല്‍: ജല്ലിക്കെട്ട് 2021 ഓസ്‌കറിലേക്കുളള ഇന്ത്യയുടെ എന്‍ട്രി' എന്ന കുറിപ്പോടെയാണ് അമൂല്‍ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. കാര്‍ട്ടൂണിക്ക് പോസ്റ്ററില്‍ ആന്‍റണി വര്‍ഗീസിന്‍റെ കഥാപാത്രത്തിനൊപ്പം അമൂല്‍ ഗേള്‍ വെണ്ണ കഴിക്കുന്നതും തൊട്ടടുത്തായി ഒരു പോത്തും പുറകിലായി ഓസ്‌കര്‍ ശില്‍പവും കാണാം. 'ജല്ലി ഗുഡ്' 'കട്ടൂ എ പീസ് ഓഫ് ബട്ടര്‍?' എന്ന് എഴുതിയിരിക്കുന്ന കാര്‍ട്ടൂണിക്ക് പോസ്റ്ററോടെയാണ് അമൂല്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. അമൂലിന്‍റെ ജെല്ലിക്കെട്ട് സ്പെഷ്യല്‍ പോസ്റ്റര്‍ നടന്‍ ആന്‍റണി വര്‍ഗീസും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചു. 'വാട്ട് ആന്‍ ഐഡിയ സര്‍ജീ' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ചക്ദേ ഇന്ത്യ, ധൂം, മേരി കോം, യന്തിരന്‍, ബാഹുബലി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അമൂല്‍ കാര്‍ട്ടൂണിക്ക് പോസ്റ്റേഴ്‌സ് ഒരുക്കിയിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ജെല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച സിനിമയുടെ തിരക്കഥ എസ്.ഹരീഷിന്‍റെതാണ്. ആന്‍റണി വര്‍ഗീസിന് പുറമെ ചെമ്പന്‍ വിനോദ്, സാബുമോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി. ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ് ജെല്ലിക്കെട്ട്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു.