മുംബൈ:നല്ലൊരു അച്ഛനും കുടുംബനാഥനും മാത്രമല്ല, നല്ലൊരു മുത്തച്ഛൻ കൂടിയാണെന്ന് തെളിയിക്കുകയാണ് ബിഗ് ബി. തന്‍റെ ചെറുമകളുടെ ഉയർച്ചയിൽ അങ്ങേയറ്റം അഭിമാനമുള്ള ഒരു മുത്തച്ഛനാണ് താനെന്ന് വ്യക്തമാക്കുന്നതാണ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്‍റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്.
പെൺകുട്ടികൾ വീടിന്‍റെ സ്വത്തല്ലെന്ന് പറയുന്നവർക്കുള്ള മറുപടി കൂടിയാണ് തന്‍റെ പേരക്കുട്ടി നവ്യ നവേലി നന്ദ എന്നാണ് താരം പോസ്റ്റിലൂടെ വിവരിക്കുന്നത്. ചെറുമകളെ പ്രകീർത്തിച്ചുകൊണ്ടുള്ള അമിതാഭ് ബച്ചന്‍റെ പോസ്റ്റ് നിമിഷങ്ങൾക്കകം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
സ്വന്തമായി പഠിച്ച്, സംരഭം തുടങ്ങി വിജയിച്ച ചെറുമകൾ....
'ചെറുമകളോട് ഒരു മുത്തച്ഛനുള്ള അഭിമാനവും ആദരവും... സ്വയം പഠിച്ച്, ഓർമകളിലൂടെ കളിച്ചു വളർന്നു.. ഡിജിറ്റൽ ബിരുദം നേടിയ ശേഷം സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിച്ചു. നിർധനരായ സ്‌ത്രീകൾക്കായി പ്രവർത്തിക്കുകയും അവർക്കായി പ്ലാറ്റ്‌ഫോമുകൾ രൂപീകരിക്കുകയും ചെയ്‌തു,' എന്നാണ് നവ്യ നവേലി നന്ദയെ പ്രശംസിച്ച് ബിഗ് ബി എഴുതിയത്. തന്‍റെ മൊബൈലിന്‍റെയും കമ്പ്യൂട്ടറിന്‍റെയും തകരാറുകൾ പരിഹരിക്കുന്നതും ഈ പ്രിയപ്പെട്ട പേരക്കുട്ടിയാണെന്നും ബച്ചൻ കൂട്ടിച്ചേർത്തു. പെൺമക്കൾ കുടുംബത്തിന് ഒരു സ്വത്തല്ലെന്ന് പറയുന്നത് ആരാണെന്നും നവ്യ നവേലിയുടെ വിജയം മുൻനിർത്തി അമിതാഭ് ബച്ചൻ ചോദിച്ചു.
ബിഗ് ബിയുടെ മകൾ ശ്വേത ബച്ചൻ നന്ദയുടെയും ഭർത്താവും വ്യവസായിയുമായ നിഖിൽ നന്ദയുടെയും മകളാണ് നവ്യ നവേലി നന്ദ. ന്യൂയോർക്കിലെ ഫോർഡ്ഹാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2020ൽ നവ്യ ബിരുദം നേടി. ശേഷം ആര ഹെൽത്ത് എന്ന സംരഭവും, സ്‌ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രോജക്റ്റ് നവേലിയും ആരംഭിച്ചു.
Also Read: സൈമയില്‍ മഞ്‌ജുവിന് ഇരട്ടി മധുരം ; മലയാളത്തിലെയും തമിഴിലെയും മികച്ച നടി
ചെറുമകളെ പ്രകീർത്തിച്ചുള്ള അമിതാഭ് ബച്ചന്‍റെ പോസ്റ്റിന് ബോളിവുഡിലെ പ്രമുഖരും കമന്‍റുകളും ലൈക്കുകളുമായി എത്തി. മുത്തച്ഛന്‍റെ സ്‌നേഹത്തിന് നവ്യ പ്രതികരിച്ചത് 'ലവ് യു നാനാ. സാങ്കേതിക ആവശ്യങ്ങൾക്കായി ഒരു ഫോൺ കോൾ അകലെ എപ്പോഴും ഞാനുണ്ടാകും!!!,' എന്നാണ്.