അമേരിക്കയില്‍ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിന്‍റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് എല്ലാവരും വായിച്ചറിഞ്ഞത്. പലതവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം കാറുകയറ്റിയാണ് മെറിനെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊലപ്പെടുത്തിയത്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി പേര്‍ മരിച്ച മെറിന്‍റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള തരത്തില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ നടി അമല പോള്‍. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കില്‍ അതിന്‍റെ പേര് സ്നേഹമെന്നല്ല എന്നാണ് അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വാക്കുകളേക്കാള്‍ പ്രവൃത്തികളെ വിശ്വസിക്കുക; മലയാളി നഴ്സിന്‍റെ മരണത്തില്‍ കുറിപ്പുമായി നടി അമല പോള്‍ - അമലപോള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി പേര്‍ മരിച്ച മെറിന്‍റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള തരത്തില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടി അമല പോള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്
സുഹൃത്ത് അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരം വിഷയത്തില്‍ പ്രതികരിച്ചത്. 'നിങ്ങളെ വേദനിപ്പിക്കുന്നൊരിടത്തേക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതമല്ലേ അല്‍പ്പമൊക്കെ അഡ്‌ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നുമൊക്കെ മറ്റുള്ളവര്‍ ഉപദേശിച്ചേക്കും... പക്ഷേ പോകരുത്. അവര്‍ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിക്കും. നിങ്ങള്‍ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവര്‍ നാണംകെടുത്താന്‍ ശ്രമിക്കും. അതില്‍ ഒരിക്കലും അപമാനിതരാകരുത്. സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കില്‍, അത് സ്നേഹമല്ല. വാക്കുകളേക്കാള്‍ പ്രവൃത്തികളെ വിശ്വസിക്കുക. ആവര്‍ത്തിച്ച് നടത്തുന്ന അക്രമങ്ങള്‍ 'പറ്റി പോയ' അപകടമല്ല. അത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളെയോ കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക' അമലപോള്‍ കുറിച്ചു. നഴ്സ് മെറിനെ അപമാനിച്ച് കൊണ്ട് വന്ന കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ടുകളും അമലപോള്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മെറിന്‍റെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.