കഥയിലും അവതരണത്തിലും ആക്ഷനിലും ഷോട്ടുകളിലും മലയാള സിനിമയിൽ വ്യത്യസ്‌തത അവതരിപ്പിക്കുന്ന സംവിധായകനാണ് അമൽ നീരദ്. ബിഗ് ബി, ഇയ്യോബിന്‍റെ പുസ്‌തകം, വരത്തൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‌മ പർവ്വത്തിനും പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‌മ പർവ്വം ഈ ആഴ്‌ച ചിത്രീകരണം ആരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, സിനിമയുടെ അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഭീഷ്‌മ പർവ്വം ടീമിനെ പരിചയപ്പെടുത്തുകയാണ് അമൽ നീരദ്.
സംവിധായകനും ദേവദത്ത് ഷാജിയും ചേർന്നാണ് മെഗാസ്റ്റാർ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത്. പി.ടി രവിശങ്കറും തിരക്കഥയിൽ പങ്കാളിയാകുന്നു. ചിത്രത്തിന്‍റെ സംഭാഷണം ഒരുക്കുന്നതിൽ തിരക്കഥാകൃത്തുക്കൾക്കൊപ്പം ആര്‍.ജെ മുരുകന്‍ ഭാഗമാകുന്നുണ്ട്. പ്രേമം, ഹെലൻ, ആനന്ദം തുടങ്ങിയ മലയാളചിത്രങ്ങളിലെ ഛായാഗ്രഹകൻ ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് വിവേക് ഹർഷനാണ് എഡിറ്റർ.
അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സിലൂടെ സുപരിചിതനായ സുഷിൻ ശ്യാമാണ് ഭീഷ്മ പർവ്വത്തിന്‍റെ സംഗീത സംവിധായകൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ശുഭരാത്രി, അണ്ടര്‍ വേള്‍ഡ്, വരത്തന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫർ സുപ്രീം സുന്ദറാണ് ഭീഷ്മ പർവ്വത്തിന്‍റെ സംഘട്ടന സംവിധായകൻ. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.