ഇക്കഴിഞ്ഞ ആഴ്‌ചയായിരുന്നു അൽഫോൻസ് പുത്രൻ- നിവിൻ പോളി ചിത്രത്തിന്‍റെ ആറാം വാർഷികം. വ്യത്യസ്‌തമായ അവതരണത്തിലൂടെ തിയേറ്റർ വിജയം നേടിയ പ്രേമം സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റിൻ എന്നിങ്ങനെ തെന്നിന്ത്യയിലെ ഇപ്പോഴത്തെ പ്രമുഖ നടിമാരുടെയും തുടക്കമായിരുന്നു. ഇപ്പോഴിതാ, ആറ് വർഷങ്ങൾക്ക് ശേഷം മലർ മിസ്സിന് ഓർമ തിരിച്ചുകിട്ടിയോ എന്ന സംശയത്തിന് സംവിധായകൻ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.
'സിനിമയെക്കുറിച്ച് എന്നോട് ചോദിക്കുക. എനിക്ക് അറിയാമെങ്കില്‍ ഞാന്‍ അതിന് ഉത്തരം പറയാം. അറിയില്ലെങ്കില്‍ മറുപടി നല്‍കാനുള്ള ഒരു മാര്‍ഗം കണ്ടെത്താം,' എന്ന് അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. സിനിമാനിർമാണത്തെ കുറിച്ചും തിരക്കഥയെ കുറിച്ചുമുള്ള പൊതുവായ സംശയങ്ങളും സംവിധായകന്‍റെ കരിയറിനെ കുറിച്ചുമൊക്കെയായി നിരവധി പേർ പോസ്റ്റുകളിൽ ചോദ്യങ്ങളുമായി എത്തിയിട്ടുണ്ട്. കൂട്ടത്തിൽ സ്റ്റീവന്‍ മാത്യു എന്നയാളുടെ ചോദ്യമാണ് ശ്രദ്ധേയമായത്.
ശരിക്കും ഓർമ നഷ്ടപ്പെട്ടോ? ആരാധകന്‍റെ ചോദ്യം
'പ്രേമത്തില്‍, ജോര്‍ജിനോട് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മലര്‍ ഒടുവില്‍ പറയുന്നുണ്ട്. അവര്‍ക്ക് ശരിക്കും ഓർമ നഷ്ടപ്പെട്ടോ? അതോ മനപൂര്‍വം അവനെ ഒഴിവാക്കാന്‍ അവള്‍ ആഗ്രഹിച്ചതാണോ? അതോ അടുത്തിടെ ഓര്‍മ തിരികെ ലഭിച്ച അവള്‍ ജോര്‍ജ് വിവാഹിതനാകുന്ന കാരണത്തില്‍ അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലേ? മൂന്നു തവണ സിനിമ കണ്ടതിന് ശേഷവും ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.' ഉത്തരത്തിനായി താൻ തന്‍റെ സുഹൃത്തിനോട് 100 രൂപയുടെ പന്തയം വച്ചിരിക്കുകയാണെന്നും ആരാധകൻ കൂട്ടിച്ചേർത്തു. പ്രേമം കണ്ടവരിലെ മിക്കയുള്ളവരുടെയും സംശയമായിരുന്നു ഇത്. അതുതന്നെയാണ് സംവിധായകന്‍റെ പ്രതികരണം ശ്രദ്ധ നേടാനും കാരണമായത്.