കഴിഞ്ഞ വർഷം അല്ലു അർജുന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രമായിരുന്നു പുഷ്പ. എന്നാൽ, കൊവിഡ് കാരണം സിനിമയുടെ ചിത്രീകരണം വൈകി. പിന്നീട് കഴിഞ്ഞ നവംബറിലായിരുന്നു ഷൂട്ടിങ് വീണ്ടും പുനരാരംഭിച്ചത്. ഇപ്പോഴിതാ, അല്ലു കള്ളക്കടത്തുകാരന്‍ പുഷ്പരാജായായി എത്തുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഇന്ന് തെന്നിന്ത്യയുടെ പ്രിയപ്പെട്ട അല്ലു അർജുന് ജന്മദിനാശംസകൾ കുറിച്ചുകൊണ്ടാണ് പുഷ്പ ടീം അല്ലുവിന്‍റെ ഇൻട്രൊഡക്ഷൻ വീഡിയോ റിലീസ് ചെയ്തത്.
കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എത്തി; നവമാധ്യമങ്ങളിൽ ടീസർ തരംഗം - allu arjun's introduction video news
അല്ലു അർജുൻ നായകനാകുന്ന ബഹുഭാഷ ചിത്രത്തിൽ പ്രതിനായകനാകുന്നത് ഫഹദ് ഫാസിലാണ്.
അല്ലു അർജുൻ ചിത്രങ്ങളായ ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലാണ് സിനിമയിൽ പ്രതിനായകനാകുന്നത്. തെന്നിന്ത്യൻ സുന്ദരി രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിൽ ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളിയായ ഓസ്‌കര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദാണ് പുഷ്‌പയുടെ സംഗീതം ഒരുക്കുന്നത്.
നേരത്തെ വിജയ് സേതുപതി വില്ലനാകുമെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നതെങ്കിലും ഫഹദ് ഫാസിലായിരിക്കും ആ റോളിൽ എത്തുന്നതെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. തെലുങ്കിലും ഒപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13നാണ് പുഷ്പയുടെ റിലീസ്.