തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പുഷ്‌പ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. കള്ളക്കടത്തുകാരൻ പുഷ്‌പയായി സൂപ്പർസ്റ്റാർ അല്ലു അർജുനും എതിർമുഖത്ത് പൊലീസുകാരന്‍റെ കഥാപാത്രവുമായി മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. പുഷ്‌പയുടെ ആദ്യഭാഗം ക്രിസ്‌മസ് റിലീസായി ഡിസംബറിൽ റിലീസ് ചെയ്യും.
നേരത്തെ ഓഗസ്റ്റ് 13ന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് പുഷ്‌പയുടെ ചിത്രീകരണം വൈകിയതോടെ റിലീസും നീട്ടിവക്കേണ്ടി വന്നു. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായാണ് റിലീസ്.
ആര്യ, ആര്യ ചിത്രങ്ങളുടെ സംവിധായകൻ സുകുമാറാണ് പുഷ്‌പ സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യൻ നടി രശ്‌മിക മന്ദാന നായികയാകുന്ന ബഹുഭാഷ ചിത്രത്തിൽ കന്നഡ നടൻ ഡോളി ധനഞ്ജയും ചിത്രത്തിൽ പ്രധാന താരമാകുന്നു.