തെലുങ്ക് സ്റ്റൈലിഷ് താരം അല്ലു അർജുന് കേരളത്തിലും നിറയെ ആരാധകരാണുള്ളത്. ഡാൻസിലൂടെയും സ്റ്റൈലിലൂടെയും പ്രളയസമയത്ത് പലപ്പോഴായി സഹായമെത്തിച്ചും കേരളത്തിന് നടൻ, മല്ലു അർജുനായി മാറുകയായിരുന്നു. മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിൽ വില്ലനാകുന്ന പുഷ്‌പ എന്ന ചിത്രത്തിൽ നായകൻ അല്ലു അർജുനാണ്. ബിഗ് ബജറ്റിൽ നിർമിക്കുന്ന ബഹുഭാഷാചിത്രത്തിനായി കേരളക്കരയും അങ്ങേയറ്റം ആകാംക്ഷയിലാണ്.
Also Read: ആക്ഷൻ ത്രില്ലറുമായി ഗൗതം മേനോനും ജി.വി പ്രകാശും ; കാമ്പസ് ചിത്രം 'സെൽഫി'
ലൊക്കേഷനിലും പൊതുഇടങ്ങളിലും കാണിക്കുന്ന ലാളിത്യത്തിലൂടെയും തെന്നിന്ത്യൻ നടൻ ആരാധകശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഏറ്റവും ഒടുവില്‍ വാർത്തകളിൽ ഇടംപിടിക്കുന്നത് തട്ടുകടയിൽ നിന്നും ദോശ കഴിക്കുന്ന അല്ലുവിന്‍റെ വീഡിയോയാണ്.
അതിരാവിലെ റോഡരികിലുള്ള തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. ഹൈദരാബാദിലെ ഫിലിം നഗറിലുള്ള തട്ടുകടയിലായിരുന്നു നടന്‍റെ പ്രഭാത സന്ദർശനം. വെള്ള ടീ ഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് നടന്‍റെ വേഷം.
രണ്ട് ഭാഗങ്ങളായാണ് അല്ലു അർജുൻ- ഫഹദ് ഫാസിൽ ചിത്രം പുഷ്‌പ റിലീസ് ചെയ്യുന്നത്. ആര്യ, ആര്യ 2 ചിത്രങ്ങളുടെ സംവിധായകൻ സുകുമാര്‍ ആണ് സംവിധായകൻ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അല്ലു അർജുന്‍റെ അലവൈകുണ്‌ഠപുരംലു കേരളത്തിലും ഹിറ്റായിരുന്നു.