നായകന്മാരേക്കാൾ മലയാളസിനിമ ആഘോഷിച്ചത് ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ ജോൺ ഹോനായി എന്ന വില്ലനെ ആയിരുന്നു. മലയാള സിനിമയിലെ വില്ലൻ ശൈലിയെ പൊളിച്ചെഴുതിയാണ് ജോൺ ഹോനായിയുമായി റിസബാവ എത്തിയത്. താരത്തിന്‍റെ അപ്രതീക്ഷിത വേർപാടിന്‍റെ ദുഃഖത്തിലാണ് ചലച്ചിത്ര ലോകവും സിനിമാ പ്രേക്ഷകരും.
ഇൻ ഹരിഹർ നഗറിലെ വില്ലനെ തേടി തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കന്നഡയിൽ നിന്നുമെല്ലാം ഓഫറുകൾ വന്നിരുന്നെന്നും, ചിത്രത്തിന്‍റെ റീമേക്കിൽ റിസബാവ തന്നെ മതിയെന്ന് അവർ ഉറപ്പിച്ചിരുന്നതായും സംവിധായകൻ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തുന്നു. എന്നാൽ, മറ്റ് ഭാഷകളിൽ നിന്ന് വന്ന ഈ ഓഫറുകൾ നടൻ നിരസിച്ചതിന് കാരണം ഒരു മിമിക്രി കലാകാരനാണെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
തന്‍റെ കൂടി അടുത്ത സുഹൃത്തായ മിമിക്രി കലാകാരൻ റിസബാവയുടെ വിശ്വസ്‌തനായിരുന്നു. അയാൾ തന്നെ വഴിതെറ്റിച്ചെന്നും അയാളെ വിശ്വസിച്ചുപോയെന്നും റിസബാവ പിന്നീട് വേദനയോടെ തന്നോട് പറഞ്ഞിരുന്നുവെന്നും ആലപ്പി അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഏതു ഭാഷയാണങ്കിലും വമ്പൻ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാൽ മതി, അവസരങ്ങൾ ഇനിയും നിന്നെ തേടി വരും എന്ന സ്‌നേഹിതന്‍റെ വാക്കുകൾ താൻ വിശ്വസിച്ചുപോയെന്ന് റിസബാവ പറഞ്ഞിട്ടുണ്ട് എന്നാണ് ആലപ്പി അഷ്‌റഫ് വ്യക്തമാക്കിയത്.
ആലപ്പി അഷ്‌റഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'ബഹുകേമൻമാരായ നായകൻമരെക്കാളേറെ കൈയ്യടി നേടിയൊരു വില്ലൻ... മലയാള സിനിമയിൽ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കൽ ആ നടൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോർക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദർഭത്തിൽ ഒരിക്കൽ കൂടി ഞാനതോർത്തു പോകുന്നു.
ഇൻ ഹരിഹർ നഗർ ഹിറ്റായ് കത്തി നിൽക്കുന്ന കാലം. ജോൺ ഹോനായ് എന്ന വില്ലൻ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചർച്ചാ കേന്ദ്രമാക്കി. വില്ലൻ ഒരു തരംഗമായി മാറുന്ന അപൂർവ്വ കാഴ്‌ച. ഇൻ ഹരിഹർ നഗറിൻ്റെ നിർമാണത്തിൽ ഞാനും ഒരു പങ്കാളിയായിരുന്നു.
പടം ഒരു തരംഗമായപ്പോൾ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്യാൻ നിർമാതക്കൾ മുന്നോട്ട് വന്നു. കഥ വിൽക്കാനുള്ള പവർ ഓഫ് അറ്റോണി സിദ്ധീക്-ലാൽ എൻ്റെ പേരിലായിരുന്നു എഴുതിവച്ചിരുന്നത്.
ഇക്കാരണത്താൽ കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്. ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമക്കിയത്, നിർമ്മാതാവ് ബപ്പയ്യയുടെ വമ്പൻ കമ്പനി... ഒറ്റ നിബന്ധന മാത്രം, ഞങ്ങൾക്ക് വില്ലൻ റിസബാവ തന്നെ മതി. തെലുങ്കിൽ ഹിറ്റ് മേക്കർ നിർമ്മാതാവ് ഗോപാൽ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത്, ജോൺ ഹോനായ് എന്ന റിസബാവയുടെ ഡേറ്റ് കൂടിയായിരുന്നു.
തമിഴിൽ നമ്പർ വൺ നിർമ്മാതാവ് സൂപ്പർ ഗുഡ്‌ഫിലിംസിൻ്റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലൻ അതെയാൾ തന്നെ മതി. കന്നഡക്കാർക്കും വില്ലനായ് റിസബാവയെ തന്നെ വേണം… അഭിനയ ജീവതത്തിൽ ഒരു നടനെ, തേടിയെത്തുന്ന അപൂർവ്വ ഭാഗ്യം. പക്ഷേ നിർഭാഗ്യവശാൽ റിസബാവാ ഈ അവസരങ്ങൾ ഒന്നും സ്വീകരിച്ചില്ല.
More Read:റിസബാവ, സ്ക്രീനിലെ 'സുന്ദരനായ, ക്രൂരനായ' വില്ലന്‍
ഞാനായിരുന്നു അവർക്കൊക്കെ വേണ്ടി റിസബാവയുമായി അന്നു സംസാരിച്ചിരുന്നത്. ഞാൻ നേരിൽ കണ്ടു സംസാരിക്കാൻ മദിരാശിയിൽ നിന്നും അദ്ദേഹത്തിൻ്റെ ഷൂട്ടിങ് സ്ഥലമായ പാലക്കാട്ടെത്തി. നിർഭാഗ്യം… അന്നെന്തു കൊണ്ടോ ആ കുടി കാഴ്‌ച നടന്നില്ല. റിസബാവക്കായി വിവിധ ഭാഷകളിൽ മാറ്റി വെച്ച ആ വേഷങ്ങളിൽ മറ്റു പല നടന്മാരും മിന്നിതിളങ്ങി.
കാലങ്ങൾ കഴിഞ്ഞ്, ഒരിക്കൽ ഞാൻ റിസബാവയോട് സ്നേഹപൂർവ്വം അതേക്കുറിച്ചാരാഞ്ഞു. എത്ര വില പിടിച്ച അവസരങ്ങളാണ് അന്ന് നഷ്‌ടപ്പെടുത്തിയതെന്ന് ഇപ്പോൾ തിരിച്ചറിയുന്നില്ലേ?.
ഒരു നിമിഷം റിസബാവ മൗനമായിനിന്നു. അന്ന് ആ അവസരങ്ങൾ സ്വീകരിച്ചിരുന്നങ്കിൽ... ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളൾ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ ഇന്ത്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ചനടനാകാനുള്ള അവസരങ്ങളാണ് താങ്കൾ വേണ്ടന്ന് വെച്ചത്..
നനഞ്ഞ കണ്ണുകളോടെ റിസബാവ അന്ന് അത് എന്നോട് പറഞ്ഞു, "എൻ്റെ ഒപ്പം നടന്ന വിശ്വസ്ത സ്നേഹിതൻ എന്നെ വഴി തെറ്റിച്ചതാണിക്കാ..." ഒരു നിമിഷം ഞാനൊന്നു പകച്ചു. "നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹർ നഗർ ഓടിയത് നീയില്ലങ്കിൽ ആ സിനിമ ഒന്നുമല്ല.. " ഏതു ഭാഷയാണങ്കിലും വമ്പൻ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാൽ മതി, ആ അവസരങ്ങൾ ഇനിയും നിന്നെ തേടി വരും... "
ഞാനത് വിശ്വസിച്ചു പോയി ഇക്കാ".
ഏതവനാ അവൻ, ഞാൻ ക്ഷോഭത്തോടെ ചോദിച്ചു. റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു. ആ പേരുകേട്ട് ഞാൻ ഞെട്ടിപ്പോയി. റിസബാവയെ വഴി തെറ്റിച്ച അയാൾ എൻ്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു. ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങൾ പോലെ- ഇനി ഒരിക്കലും തിരിയെ വരനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു. ആദരാഞ്ജലികൾ,'എന്ന്ആലപ്പി അഷ്റഫ് കുറിച്ചു.
പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന താരം കൊവിഡ് ബാധിതനായിരുന്നു എന്ന് മരണശേഷം കണ്ടെത്തിയിരുന്നു. ഇതോടെ പൊതുദർശനം ഒഴിവാക്കി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, എല്ലാ ഔദ്യോഗിത ബഹുമതികളോടും കൂടി കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ ഖബറടക്കം നടത്തി. എറണാകുളം ജില്ലാ കലക്‌ടർ അന്തിമോപാചാരം അർപ്പിച്ചു.