എറണാകുളം: മേപ്പടിയാൻ സിനിമയുടെ ലൊക്കേഷനിൽ അജു വർഗീസ് എത്തി. താരം ഇന്ന് മുതൽ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ ഭാഗമായേക്കും. ഇപ്പോൾ മേപ്പടിയാന്‍റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ പുരോഗമിക്കുകയാണ്.
ഏഴുമാസത്തെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം അജു വർഗീസ് അഭിനയിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. മഹാമാരിയുടെ പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിന്‍റെ ഭാഗമായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ചിത്രീകരണം നടക്കുന്നതും അതിൽ പങ്കാളിയാകുന്നതും ഒരു വ്യത്യസ്‌ത അനുഭവമാണെന്ന് നടനും ഹാസ്യ താരവും നിർമാതാവുമായ അജു വർഗീസ് വ്യക്തമാക്കി. വളരെ രസകരമായ പ്രമേയത്തിൽ ഒരുങ്ങുന്ന സിനിമയാണ് മേപ്പടിയാനെന്നും തിയേറ്ററുകളിൽ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്നും അജു വർഗീസ് അറിയിച്ചു.
മേപ്പടിയാന്‍റെ ലൊക്കേഷനിൽ എത്തിയ അജു വർഗീസിനെ സ്വീകരിക്കുന്ന വീഡിയോ നടൻ ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യവേഷം ചെയ്യുന്നത് ഉണ്ണി മുകുന്ദനാണ്. ഒരു മെക്കാനിക്കിന്‍റെ കഥാപാത്രത്തിലാകും ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുക.
ഉണ്ണിമുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. അഞ്ജു കുര്യൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, കലാഭവൻ ഷാജോൺ, അപർണ ജനാർദനൻ, നിഷാ സാരങ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പോളി വിൽസൻ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ എന്നിവരും മേപ്പടിയാന്‍റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്‍റെ എഡിറ്റിങ്ങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദും സംഗീതം ഒരുക്കുന്നത് രാഹുൽ സുബ്രഹ്മണ്യനുമാണ്. നീൽ ഡി കുൻഹയാണ് മേപ്പടിയാന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത്.