ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തല അജിത്ത് ചിത്രം വലിമൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കൊവിഡിന് ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ തമിഴ് സിനിമാമേഖല ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് വലിമൈ.
അജിത്ത് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് 2019ൽ തുടങ്ങിയതാണെങ്കിലും പോസ്റ്ററുകളോ ലൊക്കേഷൻ ചിത്രങ്ങളോ ഒന്നും ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
നേർക്കൊണ്ട പാർവ്വയ്ക്കും വിശ്വാസത്തിനും ശേഷം തല നായകനായി എത്തുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിച്ച പ്രീ-റിലീസ് പബ്ലിസിറ്റി മറ്റ് തല ചിത്രങ്ങളേക്കാൾ വളരെ വലുതായിരുന്നു.
സിനിമയുടെ ഒഫീഷ്യൽ പബ്ലിസിറ്റി മെറ്റീരിയലുകൾ റിലീസ് ചെയ്യാത്തതിൽ പല രീതിയിലാണ് ആരാധകർ ചോദ്യം ഉന്നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും യുറോ കപ്പ് ഫുട്ബോൾ വേദിയിലും വലിമൈ അപ്ഡേറ്റ് എപ്പോൾ വരും എന്ന ചോദ്യം ഉന്നയിച്ച് ആരാധകർ പ്ലക്കാർഡ് ഉയർത്തിയ ചിത്രങ്ങൾ വൈറലായിരുന്നു.