"എന്‍റെ അച്ഛന്‍റെ സ്‌നേഹത്തെ ജയേട്ടൻ ഓർമിപ്പിച്ചു, ശ്രുതി രാമചന്ദ്രന്‍റ അമ്മ വേഷവും മികവുറ്റതായിരുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തവും അനിവാര്യവുമായ ഒരു സിനിമ," നാളെ റിലീസിനെത്തുന്ന മലയാള ചലച്ചിത്രം 'അന്വേഷണ'ത്തിനെ കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്. ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം കണ്ടതിനു ശേഷം കഥാപാത്രങ്ങളുടെ പ്രകടനത്തെയും അണിയറപ്രവർത്തകരുടെ കലാമികവിനെയും പരാമർശിച്ചാണ് ഐശ്വര്യ വിശദമായ കുറിപ്പെഴുതിയിരിക്കുന്നത്.
'അന്വേഷണം' ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമായത്: സിനിമയെക്കുറിച്ച് ഐശ്വര്യ ലക്ഷ്‌മി - Sruthi Ramachandran
ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം കണ്ടതിനു ശേഷം കഥാപാത്രങ്ങളുടെ പ്രകടനത്തെയും അണിയറപ്രവർത്തകരുടെ കലാമികവിനെയും പരാമർശിച്ച് നടി ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.
"ഇന്നലെ 'അന്വേഷണ'ത്തിന്‍റെ പ്രത്യേക പ്രദര്‍ശനം കണ്ടു. ഇന്നത്തെ കാലത്ത് ഏറ്റവും പ്രസക്തവും അനിവാര്യവുമായ ഒരു സിനിമ നിർമിച്ചതിന് നന്ദി. ഉത്‌കണ്‌ഠയും വികാരങ്ങളും വളരെ മികച്ച രീതിയിൽ, പ്രേക്ഷകര്‍ക്ക് ശരിക്കും അനുഭവപ്പെടുന്നത് പോലെ തയ്യാറാക്കിയതിനു നന്ദി. പ്രശോഭ് വിജയന്‍, നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തിൽ ഇത്തരത്തിൽ ഒരു വിഷയം തെരഞ്ഞെടുത്തതിലും നന്ദി. ചില രംഗങ്ങൾ ഹൃദയമിടിപ്പ് ഉണ്ടാക്കി. ദൃശ്യവൽക്കരണത്തിൽ പോലും," ഫ്രാന്‍സിസ് തോമസിന്‍റെ തിരക്കഥയിൽ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന 'അന്വേഷണം' സിനിമയിൽ നിന്ന് ലഭിച്ച അനുഭവത്തെക്കുറിച്ച് ഐശ്വര്യ തുറന്നെഴുതി.
"ജയസൂര്യ ചേട്ടാ, നിങ്ങൾ എന്‍റെ അച്ഛന്‍റെ സ്നേഹത്തെ കുറിച്ച് ഓര്‍മപ്പെടുത്തി. അതിനാൽ ഞാന്‍ അവരെ കാണാന്‍ പോകുകയാണ്. യഥാര്‍ഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതിനാലാകാം അരവിന്ദൻ എന്ന കഥാപാത്രത്തിന് അത് ഭംഗിയായി ഉപയോഗിക്കാൻ സാധിച്ചു. ശ്രുതി രാമചന്ദ്രന്‍, അമ്മയുടെ വേഷം മികച്ചതാക്കി. ശരിക്കും കവിത എന്ന കഥാപാത്രത്തെ നിങ്ങള്‍ ജീവിപ്പിച്ചു. ലിയോണ എപ്പോഴത്തെയും പോലെ മികച്ച പ്രകടനം തന്നെ. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഗംഭീരമായി ചെയ്‌തു. നാളെ, ജനുവരി 31ന് ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ഇതുവായിക്കുന്ന എന്‍റെ എല്ലാ സുഹൃത്തുക്കളും സിനിമ തിയേറ്ററില്‍ പോയി കാണണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്," ഐശ്വര്യ ലക്ഷ്‌മി കൂട്ടിച്ചേർത്തു.