വീട്ടിൽ ബീഫ് കയറ്റില്ലെന്ന് കൃഷ്‌ണ കുമാർ പറഞ്ഞുവെന്ന പ്രസ്താവനയിലും പിന്നാലെ തന്‍റെ പേര് കൂടി ചേർത്ത് വന്ന ട്രോളുകളിലും പ്രതികരിച്ച് നടി അഹാന കൃഷ്‌ണ. വീട്ടിൽ ബീഫ് കയറ്റില്ല എന്ന് പറയുന്ന അച്ഛന്‍റെ വാദം പൊളിച്ചടുക്കുന്ന മകൾ എന്ന കാപ്‌ഷനോടെയായിരുന്നു അഹാനയുടെയും അച്ഛൻ കൃഷ്‌ണ കുമാറിന്‍റെയും ട്രോളുകൾ പ്രചരിച്ചത്. എന്നാൽ, ഇത്തരം ട്രോളുകൾക്ക് കുറച്ച് മര്യാദ വേണമെന്നാണ് നടി ഇൻസ്റ്റഗ്രാമിൽ പറഞ്ഞത്. ഒപ്പം, തന്‍റെ അച്ഛൻ ബീഫ് വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അഹാന പറഞ്ഞു.
താൻ ഏത് ഭക്ഷണവും ഇഷ്‌ടപ്പെടുന്ന ആളാണെന്നും ഇറച്ചി കഴിക്കാറുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണ കുമാർ പറയുന്നുണ്ട്. പശുവിനെ കൊല്ലുന്നതിനോട് വിയോജിപ്പുണ്ട്. എന്നാൽ, ബീഫ് വീട്ടിൽ കയറ്റില്ലെന്ന വാർത്ത ട്രോളന്മാരും നവമാധ്യമങ്ങളും വളച്ചൊടിച്ചതാണെന്ന് അഹാന വീഡിയോ പങ്കുവച്ചുകൊണ്ട് വ്യക്തമാക്കി. ഒപ്പം, ബീഫിനെ കുറിച്ചുള്ള തന്‍റെ പോസ്റ്റിലും നടി വിശദീകരണം നൽകി. സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ പാചകം ചെയ്ത ഭക്ഷണമല്ലെന്നും അഹാന കൃഷ്ണ പറഞ്ഞു.