ചെന്നൈ: രജനികാന്തിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവും ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനുമായ തമിഴ്അരുവി മണിയന്‍ . അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും തങ്ങളുടെ പാർട്ടി പോരാടുമെന്ന് മുമ്പ് തമിഴ്അരുവി മണിയന്‍ പറഞ്ഞിരുന്നു.
രജനികാന്തിന് പിന്നാലെ രാഷ്ട്രീയ ഉപദേഷ്ടാവും രാഷ്ട്രീയം ഉപേക്ഷിച്ചു
രജനികാന്തിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവും ഗാന്ധിയ മക്കള്‍ ഇയക്കം സ്ഥാപകനുമായ തമിഴ്അരുവി മണിയനാണ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്
ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്ന് രജനികാന്ത് പ്രഖ്യാപിച്ചത് വലിയ ആഘാതമാണ് ആരാധകരിലും തമിഴ്‌നാട് ജനതയിലും ഉണ്ടാക്കിയത്. കടുത്ത നിരാശയോടെയാണ് താൻ തീരുമാനം അറിയിക്കുന്നതെന്നാണ് രജനികാന്ത് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്. രാഷ്ട്രീയത്തിൽ ചേരാതെ തന്നെ ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്താനായിരുന്നു രജനികാന്ത് തീരുമാനിച്ചിരുന്നത്.
അണ്ണാത്തയുടെ ഷൂട്ടിങിനായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് രജനികാന്തിന് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തത്. നില മെച്ചപ്പെട്ടുവെങ്കിലും ആരോഗ്യം ശ്രദ്ധിക്കണം എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ രജനികാന്തിന് നല്‍കിയത്. കൊവിഡ് പകരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കണം എന്നും ഡോക്ടര്‍മാര്‍ താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറച്ച് വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിര്‍ദേശം.