കൊവിഡ്, ലോക്ക് ഡൗണ്‍ പ്രതിസന്ധിക്ക് ശേഷം കേരളത്തില്‍ വീണ്ടും തിയേറ്ററുകള്‍ തുറന്നു. തമിഴ് ചിത്രം മാസ്റ്ററാണ് ആദ്യം പ്രദര്‍ശനം ആരംഭിച്ചത്. തിയേറ്റര്‍ തുറന്ന ശേഷം ആദ്യം പ്രദര്‍ശനത്തിനെത്തുന്ന മലയാള സിനിമ ജയസൂര്യ ചിത്രം വെള്ളമാണ്. വെള്ളം സംവിധാനം ചെയ്‌തിരിക്കുന്നത് ജി.പ്രജേഷ് സെന്നാണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച സിനിമ കൂടിയാണ് വെള്ളം. ചിത്രം ഒരു മദ്യാപാനിയുടെ കഥയാണ് വിവരിക്കുന്നത്. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. സംയുക്ത മേനോൻ നായികയായെത്തുന്ന സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി, ബൈജു സന്തോഷ് എന്നിവരാണ്. വെള്ളത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും പ്രജേഷ് സെൻ തന്നെയാണ്. റോബി വർഗീസ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ബിജിത്ത് ബാലയാണ് എഡിറ്റിങ്. സംഗീതം ഒരുക്കിയത് ബിജിബാലാണ്. ബി.കെ ഹരിനാരായണനാണ് ഗാനരചന. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചത്.
-
പ്രിയമുള്ളവരേ, സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ്ററുകളിൽ ഇരുന്ന് സിനിമ കാണാൻ...
Posted by Jayasurya on Tuesday, January 12, 2021
എല്ലാവരെയും സിനിമാ കാണാന്‍ ക്ഷണിച്ച് കൊണ്ടുള്ള ഒരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്. 'എന്‍റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള ചിത്രം. ഏറെ ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിത്. നിങ്ങളില്‍, നമ്മളില്‍ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നല്‍കിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി. കുടുംബത്തിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയാണ് നമ്മള്‍ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്‍റര്‍ടെയ്‌നറായാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു...' സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്ററിനൊപ്പം ജയസൂര്യ കുറിച്ചു.